Sports

സാനിയ മിര്‍സ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ടെന്നീസ് താരത്തിന്റെ പിതാവ്

ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയാമിര്‍സയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണാനിടയില്ല. അതുപോലെ തന്നെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിനെക്കുറിച്ചും ആരാധകര്‍ക്ക് മതിപ്പ് ഏറെയാണ്. അതുകൊണ്ടു തന്നെ വിവാഹമോചിതരായ രണ്ടുപേരും തമ്മില്‍ വിവാഹം കഴിക്കുന്നതിനെ ഇന്ത്യയിലെ കായികപ്രേമികള്‍ എതിര്‍ക്കാന്‍ യാതൊരു ചാന്‍സുമില്ല. അടുത്തിടെ പ്രചരിക്കുന്ന ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ് സാനിയയും മുഹമ്മദ് ഷമിയും തമ്മിലുള്ള വിവാഹം.

പാകിസ്താന്‍ ക്രിക്കറ്ററായ ഷൊയബ് മാലിക്കിനെ വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ മാതാപിതാക്കളായ ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. ക്രിക്കറ്റില്‍ നിന്നും അകന്നു കഴിയുന്ന ഷൊയബ് മാലിക്ക് പിന്നീട് മറ്റൊരു പാക് സിനിമാനടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ സാനിയാമിര്‍സ ഇപ്പോഴും സിംഗിള്‍ മദറായി മകനുമായി ദുബായില്‍ ജീവിക്കുകയാണ്. വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുന്ന താരം ടെലിവിഷന്‍ ഷോകളും പരസ്യചിത്രങ്ങളുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇടയ്ക്കിടെ എത്തുകയും ചെയ്യുന്നുണ്ട്.

ഹസീന്‍ ജഹാന്‍ എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ഒരു കുട്ടിയായ ശേഷം ഭാര്യയുമായി വേര്‍പിരിയുകയും ചെയ്തയാളാണ് മുഹമ്മദ് ഷമിയും. പല തവണ ഷമിയെ വിവാദത്തിലാക്കി താരത്തിനെതിരേ ബലാത്സംഗം, പീഡനം, ഒത്തുകളി തുടങ്ങി അനേകം ആരോപണം നടത്തുകയും ചെയ്തയാളാണ് ഹസീന്‍ ജഹാന്‍. 2014 ല്‍ വിവാഹിതരായ അവര്‍ 2015 ല്‍ വേര്‍പിരിയുകയും ചെയ്തു. എന്തായാലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സാനിയയും വിവാഹമോചിതനായ ഷമിയും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണവുമായി സാനിയയുടെ പിതാവ് ഇമ്രാന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതം ആണെന്നും സാനിയ ഇതുവരെ ഷമിയെ കണ്ടിട്ടുപോലുമില്ലെന്നുമായിരുന്നു ഇമ്രാന്റെ പ്രതികരണം.

അതേസമയം ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി വേര്‍പിരിഞ്ഞ് അഞ്ചു മാസങ്ങള്‍ക്ക് ശേഷം സാനിയ മിര്‍സ അടുത്തിടെ ഹജ്ജിലേക്കുള്ള ഒരു വിശുദ്ധ യാത്ര ആരംഭിച്ചു. ഞായറാഴ്ച സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ സാനിയ എഴുതി: ”ഈ പരിവര്‍ത്തനാത്മക അനുഭവത്തിനായി ഞാന്‍ തയ്യാറെടുക്കുമ്പോള്‍, എന്തെങ്കിലും തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ഞാന്‍ വിനയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ ഈ പാതയില്‍ തന്നെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നു.”