Movie News

തെലുങ്കില്‍ അഭിനയിക്കുമ്പോള്‍ ഇവര്‍ ബുദ്ധിമുട്ടിക്കും ; അന്യഭാഷ സിനിമയിലെ ശല്യത്തെക്കുറിച്ച് സംയുക്ത

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി സംയുക്ത മേനോന്‍ അന്യഭാഷയിലേക്ക് ഇറങ്ങിയത്. 2022ല്‍ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പക്ഷേ ആ സിനിമാവേദിയുമായി പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. ഭാഷയോ നടീനടന്മാരോ അല്ല പ്രശ്‌നമെന്നും മറ്റു ചില കാര്യങ്ങളാണെന്നും നടി പറയുന്നു.

ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തെക്കുറിച്ച് നടി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളില്‍ എന്താണ് വ്യത്യസ്തമായി തോന്നുന്നതെന്നായിരുന്നു ചോദ്യം. ഭാഷ തടസ്സമല്ലെന്നും ചമയമാണ് ബുദ്ധിമുട്ടിക്കുന്നതെന്നുമാണ് നടി പറഞ്ഞത്. ”ഞങ്ങള്‍ മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍, അഭിനയത്തിലല്ല, വളരെ സ്വാഭാവികതയോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. അവിടെ ഒരു സ്വാതന്ത്ര്യമുണ്ട്. പക്ഷേ തെലുങ്കില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കണം. സ്‌ക്രീനില്‍ നിങ്ങള്‍ എങ്ങനെ കാണുന്നുവെന്നും സ്വയം വരച്ചുകാട്ടുന്നുവെന്നും ബോധത്തിലിരിക്കേണ്ടി വരും. ആ സമയത്ത് നമ്മള്‍ക്ക് നമ്മളല്ല എന്ന് തോന്നും.” നടി പറഞ്ഞു.

ഷോട്ടിന് തയ്യാറെടുക്കുമ്പോള്‍ ഒരു കോസ്റ്റ്യൂം ക്രൂ അംഗം ഉണ്ടാക്കുന്ന അസൗകര്യത്തെക്കുറിച്ച് ഒരു ഉദാഹരണവും പറഞ്ഞു. ”ഞാന്‍ കഥാപാത്രത്തിനായുള്ള മാനസീകാവസ്ഥയില്‍ ദീര്‍ഘശ്വാസം എടുത്ത് വരികളൊക്കെ മനപ്പാഠമാക്കി ഷോട്ട് ചെയ്യാന്‍ തയ്യാറാകും അപ്പോള്‍ എന്റെ സാരിയുടെ പ്ലീറ്റുകള്‍ വേണ്ടത്ര പെര്‍ഫെക്റ്റ് ആകാത്തതിനാല്‍ എന്റെ സാരി ഡ്രാപ്പര്‍ ഓടി വരും. ഇത്തരം സാഹചര്യത്തില്‍ എനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. എന്തുകൊണ്ടെന്നാല്‍ എന്റെ തൊലിപ്പുറത്ത് എന്തോ അലോസരപ്പെടുത്തുന്നതായി തോന്നും. മലയാളത്തില്‍ ഇങ്ങിനെയൊന്നുമില്ല. അവിടെ മേക്കപ്പില്ലാതെയും മുടിയില്‍ അലങ്കാരമില്ലാതെയും അഭിനയിക്കാനാകും” നടി പറഞ്ഞു.

മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് സംയുക്തയുടെ കൈയില്‍. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. തെലുങ്കില്‍, നിഖില്‍ സിദ്ധാര്‍ത്ഥ, നഭ നടേഷ് എന്നിവരുമായി അഭിനയിക്കുന്ന ഭരത് കൃഷ്ണമാചാരി കാലഘട്ടത്തിലെ ആക്ഷന്‍ ചിത്രമായ സ്വയംഭുവിന്റെ ചിത്രീകരണത്തിന് അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ, റാം അബ്ബരാജിന്റെ കോമഡി ഡ്രാമയിലും ശര്‍വാനന്ദിനൊപ്പം അവര്‍ അഭിനയിക്കും.