അല്ലു അര്‍ജുന്‍ സിനിമയായ ‘പുഷ്പ: ദി റൈസിംഗിലെ’ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്ന് സിനിമയില്‍ ഒരു ഐറ്റം നമ്പറുമായി വന്ന സാമന്തയുടെ ‘ഊ അന്തവാ’ എന്ന ഗാനരംഗമായിരുന്നു. സിനിമ വന്‍ ഹിറ്റായത് അനുസരിച്ച് പാട്ടുരംഗവും വലിയ തരംഗമായി മാറി. എന്നാല്‍ ഈ ഡാന്‍സ് നമ്പറില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍, ഷൂട്ടിംഗിനിടെ തനിക്ക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് നടി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രംഗത്തെ ‘വളരെ പ്രയാസമുള്ളത്’ എന്നായിരുന്നു നടി വിശേഷിപ്പിച്ചത്. ” മറ്റുള്ളവരെപോലെ എന്നെ കാണാന്‍ ഭംഗിയില്ല, സുന്ദരിയായ ഒരു പെണ്‍കുട്ടിയല്ല താന്‍ എന്നൊക്കെ കരുതുന്ന ഇടത്തു നിന്നുമാണ് എപ്പോഴും ഞാന്‍ ജോലി ചെയ്യാറ്. അതുകൊണ്ടു തന്നെ അങ്ങിനെയൊരു വേഷം ചെയ്യുന്നത് ഏറെ ദുഷ്‌ക്കരമായിരുന്നു. തുടക്കത്തില്‍ ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കിലും, സ്ത്രീകളെ സുന്ദരിയായി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വിലയിരുത്തപ്പെടുന്നത് പഴയ കാര്യമാണെന്ന് സാമന്ത ഊന്നിപ്പറഞ്ഞു.
ആ പാട്ട് ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു. കാരണം സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. വിവാഹമോചനത്തിനിടെയാണ് ഊ ആണ്ടവ എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങില്‍ ഞാന്‍ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എന്‍റെ അടുപ്പക്കാരും കുടുംബവും അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. വിവാഹമോചന സമയത്ത് ഐറ്റം ഡാന്‍സ് ചെയ്യരുത് എന്നാണ് അവര്‍ പറഞ്ഞത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാന്‍സ് ചെയ്യരുതെന്ന ഉപദേശമാണ് എനിക്ക് നല്‍കിയത്. എങ്കില്‍ അത് ചെയ്തേക്കാമെന്നായി ഞാന്‍…’’ സാമന്ത പറഞ്ഞു.
താന്‍ ഇനി ഒരിക്കലും ഇനി ഇത്തരത്തില്‍ ഒരു ഡാന്‍സ് നമ്പര്‍ ഇനി ചെയ്യില്ലെന്നും നടി പ്രഖ്യാപിച്ചു. അതേസമയം വന്‍ഹിറ്റായി മാറിയ അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. വരുണ്‍ ധവാനൊപ്പം ‘സിറ്റാഡല്‍’ എന്ന ഇന്ത്യന്‍ അഡാപ്‌റ്റേഷനിലാണ് സാമന്ത ഇനി അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിച്ച ഖുഷിയായിരുന്നു താരത്തിന്റെ അവസാന ചിത്രം. ഇടയ്ക്ക് ചെറിയ ഇടവേളയിട്ടെങ്കിലും മികച്ച സിനിമകളുമായി വീണ്ടും വരികയാണ് താരം.