Oddly News

നിങ്ങള്‍ ചാറ്റ്‌ജി.പി.ടിയോടുള്ള ഓരോ ചോദ്യത്തിനും ചെലവ്‌ എ​‍​ത്രയാണ്? സാം ആള്‍ട്ട്‌മാന്‍ പറയും

ചാറ്റ്‌ജി.പി.ടിയോടുള്ള ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള ചെലവ്‌ എത്രയാണ്‌. ഓപ്പണ്‍എഐ സി.ഇ.ഒ: സാം ആള്‍ട്ട്‌മാനാണ്‌ ആ ചോദ്യത്തിനു കൗതുകമുള്ള ഉത്തരം നല്‍കിയത്‌. ‘ഒരു ചാറ്റ്‌ജി.പി.ടി. ചോദ്യം എത്ര ഊര്‍ജം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച്‌ ആളുകള്‍ക്ക്‌ പലപ്പോഴും അറിയാന്‍ താല്‍പ്പര്യമുണ്ട്‌.

ശരാശരി ചോദ്യം ഏകദേശം 0.34 വാട്ട്‌/മണിക്കൂര്‍ ഊര്‍ജം ഉപയോഗിക്കുന്നു, ഉയര്‍ന്ന കാര്യക്ഷമതയുള്ള ഒരു ലൈറ്റ്‌ ബള്‍ബ്‌ രണ്ട്‌ മിനിറ്റില്‍ ഉപയോഗിക്കുന്നതിന്‌ സമാനമായ ഊര്‍ജമാണത്‌. 0.00032176 ലിറ്റര്‍ ജലവും ആവശ്യമാണ്‌. അത്‌ ഏകദേശം പതിനഞ്ചിലൊരു ടീസ്‌പൂണ്‍ എന്ന്‌ കണക്കാക്കാം’- അദ്ദേഹം പറഞ്ഞു. ചാറ്റ്‌ജി.പി.ടിയ്‌ക്ക് ശക്‌തി പകരുന്ന ഓപ്പണ്‍ എഐ കൂടുതല്‍ പണം ഊര്‍ജത്തിനായാണു വിനിയോഗിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രത്യേക കണക്കുകള്‍ ആള്‍ട്ട്‌മാന്‌ എങ്ങനെ ലഭിച്ചെന്ന്‌ ഓപ്പണ്‍എഐ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. ടെക്‌ ഭീമന്മാര്‍ ഇപ്പോള്‍ ഏറ്റവും പണം ചെലവിടുന്ന മേഖലകളിലൊന്നാണു വൈദ്യുതി. ക്രിപ്‌റ്റോകറന്‍സി ഖനനത്തിയാണ്‌ ഇപ്പോള്‍ കൂടുതല്‍ ഊര്‍ജം ചെലവിടുന്നത്‌. ഈ വര്‍ഷം അവസാനത്തോടെ ബിറ്റ്‌കോയിന്‍ ഖനനത്തേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗം ലോകമെമ്പാടുമുള്ള കൃത്രിമ ബുദ്ധി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണ്ടാകാം.

ഓരോ ചോദ്യവും വളരെ കുറഞ്ഞ വിഭവങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ ആള്‍ട്ട്‌മാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ദിവസേന എ.ഐ. മറുപടി നല്‍കുന്ന ചോദ്യങ്ങളുടെ അളവ്‌ കണക്കിലെടുക്കുമ്പോള്‍ സഞ്ചിത ഫലം വലുതാണ്‌.