Sports

വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്

ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്.

നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും ഉള്‍പ്പെടെ, വരുന്ന വര്‍ഷം കോഹ്ലിയെ കാത്തിരിക്കുന്നത് അനേകം ഗെയിമുകളാണ്.

കോഹ്ലി എല്ലാ ഫോര്‍മാറ്റിലും മികച്ചഫോം തുടരുന്ന സാഹചര്യത്തില്‍ സച്ചിന്റെ റെക്കോഡ് കോഹ്ലി മറികടക്കുമെന്ന് ക്‌ളൈവ് ലോയ്ഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 1975ലും 1979ലും വെസ്റ്റ് ഇന്‍ഡീസിനൊപ്പം രണ്ട് തവണ ലോകകപ്പ് ജേതാവായ ലോയ്ഡ്, കോഹ്ലിക്ക് ക്രിക്കറ്റില്‍ അസാധ്യമായി ഒന്നുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. നിലവില്‍ അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന പരമ്പരയില്‍ കോഹ്ലി ടീമിന്റെ ഭാഗമാണെങ്കിലും ഇതുവരെ ഒരു മത്സരത്തിന് പോലും ഇറങ്ങിയിട്ടില്ല. അടുത്ത മത്സരത്തില്‍ ഇറങ്ങും.