Celebrity

നിങ്ങള്‍ക്ക് തെറാപ്പിയുടെ ആവശ്യമുണ്ടെന്നു കമന്റ്‌ ഇട്ടയാളിന് മാസ്സ് മറുപടി നൽകി സബ ആസാദ്

കുറച്ചു കാലമായി ഹൃതിക് റോഷനൊപ്പം കേൾക്കുന്ന ഒരു പേരാണ് നടിയും ഗായികയുമൊക്കെയായ സബ ആസാദിന്റേത്. ബോളിവുഡിലെ പുതിയ താരജോഡിയാണ് ഹൃത്വിക്കും സബയും. താരങ്ങൾ തങ്ങളുടെ പ്രണയം തുറന്നു സമ്മതിച്ചിട്ടു കുറച്ചു നാളുകളെ ആയുള്ളൂ. മിക്കവാറും സബയുടെ പരിപാടികളില്‍ ഹൃത്വിക് റോഷനും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ലാക്ക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായി സബ ആസാദ് റാംപ് വാക്ക് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സ്ഥിരം റാംപ് വാക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ് സബയുടെ റാംപ് വാക്ക് വൈറൽ ആകാനുള്ള കാരണം. റാംപില്‍ വാക്ക് ചെയ്യുന്നതിനൊപ്പം ചുവടുവെക്കുകയായിരുന്നു സബ ചെയ്തത്. സബയുടെ ഈ വേറിട്ട വാക്ക് അധികം വൈകാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതോടെ കടുത്ത ഭാഷയിൽ ട്രോളുകൾ വന്നു തുടങ്ങി. സ്വയം കോമാളിയാവുകയാണ്, എന്താണ് അവള്‍ അടിച്ചിരിക്കുന്നത്, സ്വബോധമുള്ള ഒരാള്‍ക്കും ഇങ്ങനെ പെരുമാറാനാകില്ല എന്നതടക്കമായി വിമർശനങ്ങൾ.

ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് സബ നല്‍കിയ മറുപടി കയ്യടി നേടുകയാണ്. “നിങ്ങള്‍ക്ക് തെറാപ്പിയുടെ ആവശ്യമുണ്ട്” എന്ന കമന്റിനാണ് സബ മറുപടി നല്‍കിയിരിക്കുന്നത്. ചിരിക്കുന്ന ഇമോജിയോടൊപ്പമുള്ള ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കിട്ടു കൊണ്ടായിരുന്നു സബയുടെ പ്രതികറണം. ”അതെ സര്‍/മാഡം. ഞാനത് അംഗീകരിക്കുന്നു. ഞാനത് തേടുകയും ചെയ്യുന്നുണ്ട്. നമ്മളെ പോലെ വെറുപ്പ് ബാധിച്ചൊരു ലോകത്ത് നില്‍നില്‍ക്കാന്‍ എല്ലാവരും ചെയ്യേണ്ടതുമാണ്. നിങ്ങളും ശ്രമിച്ച്‌ നോക്കണം. നിങ്ങളേയും അത് സഹായിക്കും. മറ്റുള്ളവരുടെ സമാധാന ജീവിതം കണ്ട് ദേഷ്യം വരാതിരിക്കാന്‍ സഹായിക്കും… ” എന്നായിരുന്നു സബയുടെ മാസ് മറുപടി.

“നിനക്ക് ഭ്രാന്താണോ” എന്ന കമന്റിനും ഇതിനും സബ മറുപടി പറയുന്നുണ്ട്. ”അതെ. നിരന്തരം എനിക്ക് ലഭിക്കുന്ന വെറുപ്പിലേക്ക് ഓരോ ദിവസവും എഴുന്നേല്‍ക്കുകയും ചിരിച്ചു കൊണ്ട് ഇന്ന് നല്ലൊരു ദിവസമായിരിക്കുമെന്നും പറയുന്ന ഞാന്‍ അങ്ങനെയാകണം. എനിക്ക് ഭ്രാന്തായിരിക്കണം. കാരണം ഈ ലോകം നിങ്ങളെ പോലുള്ളവരാല്‍ നിറഞ്ഞിരിക്കുകയാണ്. തങ്ങളുടെ സ്‌ക്രീനിന്റെ സുരക്ഷിതത്വത്തിന് പിന്നിലിരുന്ന് ഈ ലോകത്തിന് വെറുപ്പ് മാത്രം നല്‍കുന്നവര്‍. നിങ്ങള്‍ ആ ലോകത്ത് അവശേഷിച്ച്‌ പോവുക അത് മാത്രമായിരിക്കും.. ” സബ കുറിച്ചു.

താരത്തിന്റെ രസകരമായ ചുവടും റാംപിലെ ആറ്റിറ്റ്യുഡും വലിയൊരു വിഭാഗം ആളുകൾ കൈയടിക്കുന്നുണ്ട്. സിനിമകളിലും സീരീസുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമായ സബയുടെ ഹു ഈസ് യുവര്‍ ഗൈനക് ആണ് പുതിയ സീരീസ്.