Featured Oddly News

ഉക്രെയിന്‍ സൈനികരെ കൊന്നതിന് ഇറച്ചിയരയ്ക്കല്‍ യന്ത്രം; കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ അമ്മമാര്‍ക്കുള്ള സമ്മാനം വിവാദത്തില്‍

അന്താരാഷ്ട്ര വനിതാദിനത്തില്‍ റഷ്യ ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കിയ ഇറച്ചി അരക്കല്‍ യന്ത്രങ്ങള്‍ വിവാദമാകുന്നു. വ്ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മര്‍മാന്‍സ്‌ക് ബ്രാഞ്ചാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.

മൂന്ന് വര്‍ഷമായി, ഉക്രെയിനെതിരേ നടന്നുവരുന്ന യുദ്ധത്തിലെ റഷ്യന്‍സൈന്യം ഉക്രെയിന്‍ സൈന്യത്തിന് മേല്‍ നടത്തിയ കുരുതി നിരക്കിന്റെ പ്രതീകമായിട്ടാണ് ഇറച്ചി അരയ്ക്കല്‍ യന്ത്രമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

കഴിഞ്ഞ ബുധനാഴ്ച പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍, ‘മര്‍മാന്‍സ്‌ക് മേഖല ഫൗണ്ടേഷനിലെ പിതൃഭൂമിയുടെ പ്രതിരോധക്കാര്‍’ എന്ന സംഘടനയുടെ പ്രതിനിധി മാക്‌സിം ചെംഗെയേവിനൊപ്പം പോളിയാര്‍ണി സോറി യുണൈറ്റഡ് റഷ്യ ബ്രാഞ്ചിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി അന്ന മഖുനോവയും ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ മക്കളെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് സമീപം പുഞ്ചിരിച്ചുകൊണ്ട് ഇറച്ചി അരക്കല്‍ യന്ത്രങ്ങള്‍ പിടിച്ച് നില്‍ക്കുന്നതായി കാണിക്കുന്നു.

2025-നെ പ്രസിഡന്റ് ‘പിതൃരാജ്യത്തിന്റെ സംരക്ഷക’ന്റെ വര്‍ഷമായി പ്രഖ്യാപിച്ചു, പോളിയാര്‍ണി സോറി യുണൈറ്റഡ് റഷ്യ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശം ഇങ്ങനെയാണ്. ”പിതൃരാജ്യത്തിലെ വീരന്മാരുടെ അമ്മമാര്‍ക്ക് ശ്രദ്ധയും പിന്തുണയും നല്‍കേണ്ടത് വാക്കുകളിലൂടെയല്ല. പ്രവര്‍ത്തിയിലൂടെയുള്ള പിന്തുണ ഞങ്ങളുടെ കടമയാണ്.

പ്രയാസകരമായ സമയത്ത് ഈ സ്ത്രീകള്‍ക്ക് സഹായമാകാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും അവരുമായി അടുത്തിടപഴകാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പ്രിയപ്പെട്ട അമ്മമാരേ, ധൈര്യത്തിലും മികവിലും കുട്ടികളെ വളര്‍ത്തുന്നതില്‍ നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും ത്യാഗത്തിനും നന്ദി. അവരുടെ നേട്ടം എന്നെന്നേക്കുമായി ഞങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കും, ഭാവി തലമുറകള്‍ക്ക് ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉദാഹരണമായി വര്‍ത്തിക്കും.”

റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോകള്‍ വൈറലായതോടെ വിവാദവും തലപൊക്കി. മക്കളെ നഷ്ടപ്പെട്ട് ദു:ഖിതരായ അമ്മമാരുടെ ദുരവസ്ഥ റഷ്യയിലെ പ്രമുഖ പാര്‍ട്ടി ആഘോഷമാക്കുകയാണെന്നും അവരുടെ ദുഃഖത്തില്‍ നിസ്സംഗത കാട്ടുകയാണെന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

എന്നാല്‍ വിമര്‍ശകരെ എതിര്‍ത്തുകൊണ്ടു പോളിയാര്‍ണി സോറി യുണൈറ്റഡ് റഷ്യ ബ്രാഞ്ചിലെ അംഗങ്ങള്‍ രംഗത്തെത്തി. ഇത്തരം വ്യാഖ്യാനങ്ങളെ ‘മനുഷ്യത്വരഹിതവും പ്രകോപനപരവുമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഫോട്ടോകളിലെ ഒരു സ്ത്രീ പ്രത്യേകമായി ഒരു ഇറച്ചി അരക്കല്‍ യന്ത്രം ആവശ്യപ്പെട്ടതിനാണ് അത് സമ്മാനമായി നല്‍കിയതെന്ന് അവകാശപ്പെടുകയും ചെയ്തു.