ബി ടൗണിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. തെലുങ്കിലും ഹിന്ദിയിലുമായി മാറിമാറി അഭിനയിക്കുന്ന നടിക്ക് പക്ഷേ തമിഴില്‍ മികവ് കാട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്തിടെ നടിക്ക് ഒരു അക്രമിയില്‍ നിന്നും വധഭീഷണി വന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ദുബായിലെ ഒരു ക്ലബ്ബില്‍ ചില വ്യക്തികളുമായി കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നടിക്ക് വധഭീഷണി ഉണ്ടായതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് നടി പോയപ്പോള്‍ ദുബായില്‍ വെച്ച് പൂജയ്ക്ക് വധഭീഷണി നേരിട്ടതായി ഒരു പാപ്പരാസി മാധ്യമം ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയായിരുന്നു. ഈ വാര്‍ത്ത അറിഞ്ഞയുടന്‍ നടിയുടെ സുരക്ഷയില്‍ ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചു. തൊട്ടു പിന്നാലെ പോസ്റ്റ് കാണാതാകുകയുമായിരുന്നു.
എന്നാല്‍, അങ്ങനെയൊരു സംഭവമൊന്നും നടന്നിട്ടില്ലെന്ന് പൂജയുടെ ടീം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. വാര്‍ത്തയെ ‘അസത്യ’മെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ഈ വ്യാജ വാര്‍ത്ത ആരാണ് ആരംഭിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് തികച്ചും അസത്യമാണെന്നും നടി കുറിച്ചു.
പൂജ ഹെഗ്ഡെ നിലവില്‍ ഒന്നിലധികം പ്രോജക്റ്റുകളുടെ തിരക്കിലാണ്. ഹിന്ദിയില്‍ ഷാഹിദ് കപൂറിനൊപ്പം ‘ദേവ’ എന്ന് പേരിട്ടിരിക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം 2024 ഒക്ടോബര്‍ 11 ന് തിയേറ്ററുകളില്‍ എത്തും. അതിന് പുറമേ ഹൗസ് ഫുള്‍ 5 എന്ന സിനിമയില്‍ നടി അക്ഷയ്കുമാര്‍, ഋതേഷ് ദേശ്മുഖ്, ജോണ്‍ അബ്രഹാം, അഭിഷേക് ബച്ചന്‍, ബോബി ഡിയോള്‍, കൃതി സാനന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കും.