ദുബായ്: ഇന്ത്യയുടെ രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു രോഹിതിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്. 781 റേറ്റിങ് പോയിന്റാണു മുന്‍ നായകന്റെ നേട്ടം.
അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ രണ്ടാം സ്‌ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്‌ഥാനത്തുമാണ്. ഇന്ത്യന്‍ ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ നാലാം സ്‌ഥാനത്തു തുടര്‍ന്നു. വിരാട് കോഹ്ലിയാണ് അഞ്ചാം സ്‌ഥാനത്ത്. പാകിസ്‌താന്‍ മുന്‍ നായകന്‍ ബാബര്‍ അസം ഏഴാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ബാബര്‍ ആദ്യ അഞ്ചില്‍നിന്നു പുറത്താകുന്നത്. മോശം ഫോമാണ് താരത്തിന്റെ തിരിച്ചടിക്ക് കാരണം. കഴിഞ്ഞ നാല് ഏകദിനങ്ങളില്‍നിന്ന് 74 റണ്‍ മാത്രമാണ് ബാബറിന് നേടാനായത്. കഴിഞ്ഞ 83 ഇന്നിംഗ്‌സുകളില്‍ ബാബറിന് ഒരു സെഞ്ചുറി പോലും നേടാനായില്ല. 2023 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയായിരുന്നു അവസാന സെഞ്ചുറി.




