ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്. കരിയറില്‍ ആദ്യമായാണ് രോഹിത് ഒന്നാം സ്‌ഥാനത്തെത്തിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമനാക്കിയത്.
ഓസ്‌ട്രേലിയ 2-1 നു പരമ്പര നേടിയെങ്കിലും താരമായത് രോഹിത് ശര്‍മയായിരുന്നു. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച രോഹിത് മത്സരത്തിലെ താരവുമായി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ തെണ്ടുല്‍ല്‍ക്കര്‍, എം.എസ്. ധോണി, വിരാട് കോഹ്‌ലി, ശുഭ്‌മന്‍ ഗില്‍ എന്നിവരാണു മുമ്പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയ മറ്റു താരങ്ങള്‍.
38-ാം വയസില്‍ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോഴാണു ഹിറ്റ്‌മാന്‍ ഈ നേട്ടത്തിലെത്തിയത്. കരിയറിലെ 276-ാം മത്സരത്തിന് ശേഷമാണ് ഒന്നാമതെത്തിയത്. ഓപ്പണറെന്ന റോളില്‍ 189 മത്സരങ്ങളും താരം പൂര്‍ത്തിയാക്കി. ഇതിലും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കിയെങ്കിലും ആദ്യമായാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
രോഹിതിനു പുറമെ മറ്റ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ പത്തിലുണ്ട്. ഒന്നാം റാങ്കില്‍നിന്നു മൂന്നാം റാങ്കിലേക്ക് പടിയിറങ്ങിയ ഗില്ലാണ് പട്ടികയിലെ രണ്ടാമത്തെ ഇന്ത്യന്‍ താരം. വിരാട് കോഹ്‌ലി ഒരു സ്‌ഥാനം നഷ്‌ടപ്പെട്ട് ആറാം റാങ്കിലേക്ക് വീണു. ശ്രേയസ് അയ്യര്‍ ഒരു സ്‌ഥാനം മെച്ചപ്പെടുത്തി ഒന്‍പതിലെത്തി. നവംബറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏകദിന പരമ്പര കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ടെസ്‌റ്റ്, മൂന്ന് ഏകദിനം, അഞ്ച് ട്വന്റി20 എന്നിവയാണു കളിക്കുക. ഓസ്‌ട്രേലിയയിലെ മികച്ച ഓള്‍റൗണ്ട് പ്രകടനം ഇടംകൈയന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേലിനും റാങ്കിങ്ങില്‍ തുണയായി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ നാല് സ്‌ഥാനങ്ങള്‍ കയറിയ അക്ഷര്‍ എട്ടിലെത്തി. ന്യൂസിലന്‍ഡിന്റെ ഇടംകൈയന്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് സ്‌ഥാനങ്ങള്‍ കയറി നാലിലെത്തി.




