Oddly News

പെരുമ്പാമ്പുകള്‍ പെറ്റു പെരുകുന്നു, പിടിക്കാനാകുന്നില്ല ; തെക്കന്‍ ഫ്‌ളോറിഡ ഉപയോഗിക്കുന്നത് റോബോട്ട് മുയലുകളെ

ബര്‍മീസ് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് തെക്കന്‍ ഫ്‌ളോറിഡക്കാര്‍ ഉപയോഗിക്കുന്നത് റോബോട്ട് മുയലുകളെ. ചതുപ്പുകളിലെ രോമമുള്ള മുയലുകളെ പോലെ രൂപത്തിലും ചലനങ്ങളിലും മണത്തിലും വരെ സാമ്യമുള്ളവയായതിനാല്‍ അവയെ തിന്നാന്‍ ബര്‍മീസ് പെരുമ്പാമ്പുകള്‍ ഇഷ്ടപ്പെടും. ഭീമാകാരങ്ങളായ പാമ്പുകളെ പുറത്തുകൊണ്ടുവരാനാണ് ഇവയെ ഉപയോഗിക്കുന്നത്.

അമേരിക്കയിലെ തെക്കന്‍ ഫ്‌ലോറിഡ വാട്ടര്‍ മാനേജ്മെന്റ് ഡിസ്ട്രിക്റ്റിന്റെ ഏറ്റവും പുതിയ ശ്രമമാണിത്. എവര്‍ഗ്ലേഡ്സില്‍ നിന്നുള്ള പെരുമ്പാമ്പുകളെ പരമാവധി ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. എവര്‍ഗ്ലേഡ്‌സ് നാഷണല്‍ പാര്‍ക്കില്‍, ഈ പാമ്പുകള്‍ ചെറിയ സസ്തനികളെയും ആയിരക്കണക്കിന് പക്ഷികളെയും 95% വരെ ഇല്ലാതാക്കിയതായി അധികൃതര്‍ പറയുന്നു. വാട്ടര്‍ ഡിസ്ട്രിക്റ്റും യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയിലെ ഗവേഷകരും ഈ വേനല്‍ക്കാലത്ത് ഒരു പരീക്ഷണത്തിനായി 120 റോബോട്ട് മുയലുകളെ വിന്യസിച്ചു.

നേരത്തെ, ജീവനുള്ള മുയലുകളെ പാമ്പുകളെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അത് വളരെ ചെലവേറിയതും കൂടുതല്‍ സമയമെടുക്കുന്നതും ആയതിനാല്‍ അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. റോബോട്ടുകള്‍ സാധാരണ കളിപ്പാട്ട മുയലുകളാണ്, എന്നാല്‍ ഇവയ്ക്ക് ചൂട് പുറത്തുവിടാനും, പ്രത്യേക മണം പുറത്തുവിടാനും, സാധാരണ മുയലുകളെ പോലെ ചലനങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. ‘ഇവ യഥാര്‍ത്ഥ മുയലുകളെ പോലെയിരിക്കും,’ കിര്‍ക്ക്ലാന്‍ഡ് പറഞ്ഞു. ഇവ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ദൂരെയിരുന്നുകൊണ്ട് ഇവയെ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. റോബോട്ടുകളെ ചെറിയ കൂടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഒരു പെരുമ്പാമ്പ് അടുത്തേക്ക് വരുമ്പോള്‍ സിഗ്‌നല്‍ നല്‍കുന്ന ഒരു വീഡിയോ ക്യാമറയും ഇതിനെ നിരീക്ഷിക്കുന്നു. ഒരു റോബോട്ട് മുയലിന്റെ മൊത്തം ചെലവ് ഏകദേശം 4,000 ഡോളറാണ്. പെരുമ്പാമ്പുകള്‍ ഫ്‌ലോറിഡയിലെ തദ്ദേശീയ ജീവികളല്ല. വളര്‍ത്തിയിരുന്ന വീടുകളില്‍ നിന്ന് രക്ഷപ്പെട്ടോ അല്ലെങ്കില്‍ ഉടമസ്ഥര്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ചതുപ്പുനിലമായ എവര്‍ഗ്ലേഡ്സില്‍ ആണ്. അവിടെ കിടന്ന് അവ പെരുകി. ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ അനുസരിച്ച്, ഒരു പെണ്‍ പെരുമ്പാമ്പിന് 50-നും 100-നും ഇടയില്‍ മുട്ടകള്‍ ഒരു സമയം ഇടാന്‍ കഴിയും, കൂടാതെ അവയുടെ ഗര്‍ഭകാലം 60-90 ദിവസമാണ്.

ഔദ്യോഗിക കണക്കുകള്‍ 300,000 പാമ്പുകള്‍ വരെ ഇവിടെയുണ്ടെന്ന് കരുതുന്നു. മുതലകളുമായി ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ടെങ്കിലും, ഇവയ്ക്ക് സ്വാഭാവിക ശത്രുക്കള്‍ കുറവാണ്. ബില്ലിച്ചുകളും, കൊയോട്ടുകളും പോലുള്ള മറ്റ് വേട്ടക്കാര്‍ ഇവയുടെ മുട്ടകള്‍ ഭക്ഷിക്കാറുണ്ട്. 2000 മുതല്‍ 23,000-ത്തിലധികം പാമ്പുകളെ കാട്ടില്‍ നിന്ന് നീക്കം ചെയ്തതായി വൈല്‍ഡ് ലൈഫ് കമ്മീഷന്‍ പറയുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ 10-നും 16-നും ഇടയില്‍ അടി നീളമുള്ള ഈ പാമ്പുകളെ നേരിടാനുള്ള ഏറ്റവും പുതിയ ശ്രമമാണ് റോബോട്ട് മുയലുകള്‍. സ്വകാര്യ ഭൂമികളിലും വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നിയന്ത്രിക്കുന്ന ഭൂമികളിലും വര്‍ഷം മുഴുവനും പെരുമ്പാമ്പുകളെ കൊല്ലാന്‍ അനുമതിയുണ്ട്. എല്ലാ വര്‍ഷവും ”ഫ്‌ലോറിഡ പൈത്തണ്‍ ചലഞ്ച്” നടത്തുന്നു. ഏറ്റവും കൂടുതല്‍ പെരുമ്പാമ്പുകളെ പിടിക്കുന്നവര്‍ക്കും, ഏറ്റവും നീളമുള്ള പാമ്പിനെ പിടിക്കുന്നവര്‍ക്കും സമ്മാനങ്ങളുമുണ്ട്. ഈ വര്‍ഷം, 30 സംസ്ഥാനങ്ങളില്‍ നിന്നുള്ള 934 ആളുകള്‍ ജൂലൈയില്‍ നടന്ന ഈ പരിപാടിയില്‍ പങ്കെടുത്തു. അവര്‍ 294 പെരുമ്പാമ്പുകളെ പിടികൂടി.

ഇതില്‍ 60 പെരുമ്പാമ്പുകളെ പിടികൂടിയ ഒരാള്‍ക്ക് 10,000 ഡോളര്‍ സമ്മാനമായി ലഭിച്ചു. റോബോട്ട് മുയല്‍ പദ്ധതി എത്രത്തോളം വിജയകരം ആകുമെന്ന് തീരുമാനിക്കാന്‍ ഇപ്പോള്‍ സമയമായില്ല, എന്നാല്‍ പ്രാഥമിക ഫലങ്ങള്‍ ശുഭാപ്തിവിശ്വാസം നല്‍കുന്നതായി അധികൃതര്‍ പറയുന്നു.