രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻചാണ്ടിയുടെകൂടി വിജയമെന്ന് യുവനടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവുമായാണ് റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്വയം അഭിനയിച്ച് ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ രാഹുൽ നാടകം നടത്തുകയാണ്. കോൺഗ്രസിനെ തോൽപ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടി നിർദേശിച്ചിരുന്നത് മറ്റൊരാളുടെ പേരായിരുന്നു. എന്നാൽ, അത് അട്ടിമറിക്കപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും ഗീവർഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുൽ അഭിനയിച്ച് തകർത്തു. എന്നാൽ, അധ്യക്ഷ സ്ഥാനത്തിന്‍റെ കാലാവധി പൂർത്തീകരിക്കാൻ രാഹുലിന് സാധിച്ചില്ലെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തിയെന്നും റിനി ആരോപിച്ചു.
പൈശാചികവും നിഷ്ഠൂരവുമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾത്തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തുവന്നിട്ടും ഇത്തരത്തിലുള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയേപ്പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ എന്ന ചോദ്യവും റിനി ഉയർത്തുന്നുണ്ട്. റിനിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആകാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച പേര് മറ്റൊരാളുടേതായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മരണം മുൻനിർത്തി അത് അട്ടിമറിക്കപ്പെടുക ആയിരുന്നു… എന്നിട്ട് അദ്ദേഹത്തിന്റെ കല്ലറയിലും എന്തിന് ഗീവർഗീസ് പുണ്യാളന്റെ പള്ളിയിൽ വരെ അഭിനയിച്ചു തകർത്തു… എന്നാൽ പ്രസിഡന്റ് സ്ഥാനത്തെ കാലാവധി പൂർത്തീകരിക്കാൻ അയാൾക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്…. അദ്ദേഹത്തിന്റെ പിൻഗാമി എന്ന് അവകാശ പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി… ഇപ്പോൾ ഇതാ സ്വയം അഭിനവ ഉമ്മൻ ചാണ്ടി ആയി അവരോധിക്കാൻ ഉള്ള നാടകം നടത്തുന്നു… ഒന്നും ചെയ്യാത്ത തന്നെ, സരിതകൾ വന്നു നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന കഥകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു… സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്‌തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം… പല യുവതികൾ ഇത്തരത്തിൽ അബോർഷൻ ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്… ഇനിയും കണ്ടെത്താത്ത കേസുകളും വിവരങ്ങളും ഉണ്ടാകാം… പൈശാചികവും നിഷ്ടൂരവുമായ ലൈംഗീക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തു വന്നിട്ടും ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ ? കോൺഗ്രസിനെ നശിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി ഇറങ്ങി എന്ന് പറയുന്നവരോട് കോൺഗ്രസിനെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യം, കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്നതാണ്… അതിൽ ഏറ്റവും ആനന്ദിക്കുന്നതും ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് തന്നെയായിരിക്കും…




