Celebrity Featured

മാധവന്റെ കഥാപാത്രം പിന്തുടരുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു- ദിയ തുറന്നു പറയുന്നു

ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തിയത്. രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തമിഴില്‍ റിലീസ് ചെയ്ത ‘മിന്നലെ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. തമിഴിന്റെ നിത്യഹരിതനായകനായ മാധവന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ആ ചിത്രം. തിയേറ്ററില്‍ ​‍പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കള്‍ട്ടായി ആ സിനിമ പിന്നീട് മാറി. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും കഥാസന്ദര്‍ഭങ്ങളെക്കുറിച്ചും അതിന്റെ പരമ്പരാഗത ചിന്താഗതിയെക്കുറിച്ചും പലപ്പോഴും വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലെ നായികവേഷത്തില്‍ തിളങ്ങിയ ദിയ മിര്‍സ അതിന്റെ ഓര്‍മ്മകള്‍ പങ്കിടുകയാണ്. ചിത്രത്തില്‍ മാധവന്റെ കഥാപാത്രം തന്റെ കഥാപാത്രത്തെ പിന്തുടരുന്നത് അന്നും ഇന്നും തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ‘‘മാധവന്റെ കഥാപാത്രം എന്നെ പിന്തുടരുന്നത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. അവളത് മനസിലാക്കുന്നുണ്ട്. അവനോട് പോകാന്‍ പറയുന്നുണ്ട്. പക്ഷെ ആളുകള്‍ അത് മറക്കും. കാരണം അവസാനമാകു​മ്പോഴേക്കും മാഡിയുടെ കഥാപാത്രത്തിന്റെ ശക്തമായ മൂല്യങ്ങള്‍ ഉണ്ടെന്നതാണ് ഓര്‍ത്തിരിക്കുക. ബഹുമാനവും ദയയുമുള്ള, മുഖ്യമായും സദ്ദുദ്ദേശമുള്ള കഥാപാത്രമാണ്….’’ ദിയ പറയുന്നു.

സിനിമയില്‍ നായിക കഥാപാത്രമായ റീന നായകന്മാരായ മാഡി, സാം എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ദിയ പറയുന്നുണ്ട്. ചിത്രത്തില്‍ സാം ആയി എത്തിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. ‘‘സാമിനെ പോലൊരാളെ റീന എന്തിന് ഒഴിവാക്കിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്തു പറയാനാണ്. ഞാനും അത് ആലോചിക്കാറുണ്ട്. സെയ്ഫ് എത്ര നല്ല ആളാണ്, പിന്നെ എന്തിനാണ് അവള്‍ അവനെ ഉപേക്ഷിച്ച്‌ പോയതെന്ന്. അത് ഹം ദില്‍ ദേ ചുക്കേ സനമില്‍ കാണിക്കുന്നുണ്ട്. ചിലപ്പോള്‍ ഒരു സിനിമ ഒരു പോയന്റ് ഓഫ് വ്യൂ കാണിച്ച്‌ തരുമ്പോള്‍ മറ്റൊരു സിനിമ വേറൊരു പോയന്റ് ഓഫ് വ്യൂ കാണിച്ചു തരും…’’ ദിയ പറയുന്നു.

പതിനെട്ടാം വയസ്സില്‍ വെള്ളിത്തിരയിലെത്തിയ ദിയ മിര്‍സ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് സിനിമയിലെത്തിയത്. അതിനാല്‍ ‘‘തുടക്കകാലത്ത് എനിക്ക് ധാരാളം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ ഒറ്റയ്ക്കായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. എനിക് ഗോഡ്ഫാദര്‍ ഇല്ലായിരുന്നു….’’ ദിയ പറയുന്നു.

ഹിന്ദിയ്ക്ക് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭീഡ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദക്ക് ദക്ക് ആണ് താരത്തിന്റെ പുതിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയിലും ഒരു പ്രധാന വേഷത്തില്‍ ദിയ എത്തുന്നുണ്ട്. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ ഹെവനിലാണ് ഒടുവിലായി സ്‌ക്രീനില്‍ ദിയയെ കണ്ടത്.