Featured Health

19 വർഷത്തെ കാത്തിരിപ്പ്, AIയുടെ സഹായത്തോടെ ദമ്പതികൾക്ക് കുഞ്ഞുണ്ടായതെങ്ങനെ? ഗവേഷകർ വിശദീകരിക്കുന്നു

ന്യൂഡൽഹി:ഒരു ബീജ സാമ്പിളിലെ 25 ലക്ഷം ചിത്രങ്ങൾ രണ്ട് മണിക്കൂറിലധികം നേരം സ്കാൻ ചെയ്ത്, കൃത്രിമ ബുദ്ധി (AI) അൽഗോരിതം ഉപയോഗിച്ച് ബീജത്തിലെ പ്രവർത്തനക്ഷമമായ രണ്ട് കോശങ്ങളെ തിരിച്ചറിഞ്ഞു. ഇത് 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ദമ്പതികൾക്ക് ഗർഭം ധരിക്കാൻ സഹായകമായി. ‘ദി ലാൻസെറ്റ്’ (The Lancet) ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

യുഎസിലെ 39 വയസ്സുള്ള പുരുഷനും 37 വയസ്സുള്ള സ്ത്രീയും നിരവധി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സകൾക്ക് വിധേയരായിരുന്നു. ബീജം വേർതിരിച്ചെടുക്കാൻ രണ്ട് ശസ്ത്രക്രിയകളും ഈ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു.

“ഒരു ബീജ സാമ്പിൾ പൂർണ്ണമായും സാധാരണമായി തോന്നാമെങ്കിലും, മൈക്രോസ്കോപ്പിന് കീഴിൽ നോക്കുമ്പോൾ ബീജങ്ങളില്ലാത്ത കോശാവശിഷ്ടങ്ങളുടെ ഒരു കടൽ മാത്രമായിരിക്കും കാണാൻ കഴിയുക,” കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെന്റർ ഡയറക്ടർ സെവ് വില്യംസ് പറഞ്ഞു.

“പുരുഷ വന്ധ്യതയുള്ള പല ദമ്പതികളോടും ഒരു ബയോളജിക്കൽ കുഞ്ഞിനെ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് പറയാറുള്ളത്,” വില്യംസ് കൂട്ടിച്ചേർത്തു.

ബീജസ്രവത്തിൽ വളരെ കുറഞ്ഞ ബീജം മാത്രമുള്ളതോ അല്ലെങ്കിൽ ബീജം ഇല്ലാത്തതോ ആയ അസൂസ്പെർമിയ (Azoospermia) ബാധിച്ച പുരുഷന്മാർക്ക് വൃഷണങ്ങളിൽ നിന്ന് ബീജം വേർതിരിച്ചെടുക്കുന്നതിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. എന്നാൽ ഈ ശസ്ത്രക്രിയ പലപ്പോഴും വിജയിക്കാറില്ല, കൂടാതെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളോ, വീക്കമോ, ടെസ്റ്റോസ്റ്റിറോൺ അളവിൽ താൽക്കാലിക കുറവോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു.

‘STAR’ രീതിയും AI-യുടെ സഹായവുംഗവേഷകരുടെ സംഘം ‘സ്പേം ട്രാക്കിംഗ് ആൻഡ് റിക്കവറി’ (Sperm Tracking and Recovery’ – STAR) എന്നൊരു രീതി വികസിപ്പിച്ചെടുത്തു. ഇത്, മുമ്പ് ‘അസൂസ്പെർമിക്’ എന്ന് തരംതിരിച്ച ബീജ സാമ്പിളുകളിൽ അപൂർവ ബീജങ്ങളെ ഉയർന്ന വേഗതയിൽ, തത്സമയം തിരിച്ചറിയാനും വേർതിരിച്ചെടുക്കാനും AI-യുടെ സഹായം തേടുന്നു.

ശക്തിയേറിയ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ബീജ സാമ്പിളിലൂടെ സ്കാൻ ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളിൽ എട്ട് ദശലക്ഷത്തിലധികം ചിത്രങ്ങളാണ് എടുക്കുന്നതെന്ന് അവർ ലേഖനത്തിൽ പറഞ്ഞു.

AI ബീജകോശങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു, ശേഷം, മുടിനാരിഴ പോലുള്ള ചെറിയ ചാനലുകളുള്ള ഒരു ചിപ്പ്, ബീജകോശം അടങ്ങിയ സാമ്പിളിന്റെ ഭാഗം വേർതിരിക്കുന്നു. തുടർന്ന് ഒരു റോബോട്ട് ബീജകോശം പുറത്തെടുക്കുന്നു. ഇത് ഒരു ഭ്രൂണം സൃഷ്ടിക്കുന്നതിനോ അല്ലെങ്കിൽ ഭാവി ഉപയോഗത്തിനായി ശീതീകരിച്ച് സൂക്ഷിക്കുന്നതിനോ ഉപയോഗിക്കാം എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

ഒരൊറ്റ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ പോലും, അസൂസ്പെർമിയ ഉള്ള പുരുഷന്മാരെ സഹായിക്കുന്നതിൽ നിലനിന്നിരുന്ന തടസ്സങ്ങളെ മറികടക്കാൻ STAR രീതിക്ക് സാധിക്കുമെന്ന് ഈ കണ്ടെത്തലുകൾ കാണിക്കുന്നു .

2.5 ദശലക്ഷം ചിത്രങ്ങളിൽ നിന്ന് 7 ബീജകോശങ്ങൾ, “3.5 മില്ലിലിറ്റർ ബീജസ്രവ സാമ്പിൾ ലഘുവായി കഴുകി, 800 മൈക്രോലിറ്റർ ബീജ വിശകലന ബഫറിൽ സസ്പെൻഡ് ചെയ്യുകയും STAR സിസ്റ്റം ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുകയും ചെയ്തു. സാധാരണ സ്ലൈഡ് പരിശോധനയിൽ ബീജങ്ങളൊന്നും കണ്ടെത്തിയില്ല,”

“എന്നാൽ, STAR സിസ്റ്റം ഏകദേശം 2 മണിക്കൂറിനുള്ളിൽ 2.5 ദശലക്ഷം ചിത്രങ്ങൾ വിശകലനം ചെയ്യുകയും 7 ബീജകോശങ്ങൾ കണ്ടെത്തുകയും ചെയ്തു: അതിൽ രണ്ടെണ്ണം ചലനശേഷിയുള്ളതും (motile) അഞ്ചെണ്ണം ചലനമില്ലാത്തതുമായിരുന്നു (non-motile),” അവർ പറഞ്ഞു.

ചലനശേഷിയുള്ള ബീജങ്ങൾ രണ്ട് പൂർണ്ണ വളർച്ചയെത്തിയ അണ്ഡകോശങ്ങളിലേക്ക് (oocytes) കുത്തിവച്ചു. ഇവ ഭ്രൂണങ്ങളായി വളർന്നു.

മൂന്നാം ദിവസം ഭ്രൂണങ്ങൾ ഗർഭപാത്രത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും 13 ദിവസങ്ങൾക്ക് ശേഷം, സ്ത്രീക്ക് ആദ്യമായി പോസിറ്റീവ് ഗർഭധാരണ ഫലം ലഭിക്കുകയും ചെയ്തു. ഇത് ഒരു ക്ലിനിക്കൽ ഗർഭമായി സ്ഥിരീകരിക്കുകയും ചെയ്തു,

എട്ട് ആഴ്ച ഗർഭകാലത്ത്, രോഗിയെ ഒബ്സ്റ്റട്രിക് കെയറിലേക്ക് മാറ്റി. അൾട്രാസൗണ്ടിൽ ഭ്രൂണത്തിന് സാധാരണ വളർച്ചയുണ്ടെന്നും ഹൃദയമിടിപ്പ് മിനിറ്റിൽ 172 തവണയാണെന്നും കണ്ടെത്തിയതായും അവർ അറിയിച്ചു.

കൂടുതൽ രോഗികളിൽ STAR-ന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി വിപുലമായ ക്ലിനിക്കൽ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും സംഘം കൂട്ടിച്ചേർത്തു.

Tagged