Featured Lifestyle

പച്ചക്കറികളിലെ വിഷാംശം കളയാന്‍ വീട്ടില്‍ ചെയ്യാം ഈ മാര്‍ഗങ്ങള്‍

ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരകമായ കീടനാശിനികള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. കീടനാശിനികള്‍ ചേര്‍ക്കാത്ത പഴങ്ങളോ പച്ചക്കറികളോ തന്നെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വീട്ടില്‍ തന്നെ നമുക്ക് ഇവയുടെ വിഷാംശം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിയ്ക്കും. അത് എങ്ങനെയാണെന്ന് നോക്കാം….

  • കറിവേപ്പില, പുതിന ഇല, കാപ്‌സിക്കം, പച്ചമുളക്, തക്കാളി – വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍പുളി ലായനിയിലോ കറിവേപ്പിലയും പുതിനയിലയും പത്തു മിനിറ്റു മുക്കിവച്ച ശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകുക. വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ ഒരു രാത്രി വച്ച ശേഷം ഉപയോഗിക്കുക. ടിഷ്യു പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  • ഇഞ്ചി – ഇഞ്ചി പല ആവര്‍ത്തി വെള്ളത്തില്‍ കഴുകിയ ശേഷം വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ കോട്ടണ്‍ തുണി ഉപയോഗിച്ചു വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു വയ്ക്കണം. ഉപയോഗത്തിനു തൊട്ടുമുമ്പു തൊലി ചുരണ്ടിക്കളഞ്ഞ്, ഒരിക്കല്‍ കൂടി കഴുകിയിട്ട് പാചകം ചെയ്യുക.
  • പയര്‍, വെള്ളരി, ചീര, സെലറി, വഴുതനങ്ങ, വെണ്ടയ്ക്ക – വളരെ മൃദുവായ സ്‌ക്രബ് പാഡ് ഉപയോഗിച്ചു സൂക്ഷിച്ച് ഉരസി കഴുകുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍) വാളന്‍പുളി ലായനിയിലോ (20 ഗ്രാം വാളന്‍പുളി ഒരു ലീറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കില്‍ ഇഞ്ചി പേസ്റ്റ് രണ്ടു ടേബിള്‍ സ്പൂണ്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍) പത്തു മിനിറ്റു മുക്കിവച്ചശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകുക. ചീരയുടെ തണ്ടിന്റെ ചുവടുഭാഗം ആദ്യമേ വേരോടെ മുറിച്ചു കളയണം. ചീര, സെലറി എന്നിവ ഉരസി കഴുകേണ്ടതില്ല.
  • കോളിഫ്‌ളവര്‍ – അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തിയശേഷം കോളിഫ്‌ളവറിന്റെ ഇതളുകള്‍ ഓരോന്നായി മുറിച്ച് അടര്‍ത്തിയെടുക്കുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍) ഉപ്പു ലായനിയിലോ (20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) പത്തു മിനിറ്റു മുക്കി വച്ചശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകുക. സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ വച്ചു വെള്ളം വാര്‍ന്നു പോയ ശേഷം ഉപയോഗിക്കാം. പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  • കാരറ്റ്, മുരിങ്ങയ്ക്ക, റാഡിഷ് – പല ആവര്‍ത്തി വെള്ളത്തില്‍ കഴുകിയ ശേഷം വെള്ളം വാര്‍ന്ന് പോകാന്‍ സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം ഉപയോഗിക്കുക. ഉപയോഗത്തിനു തൊട്ടുമുമ്പു തൊലി ചുരണ്ടിക്കളഞ്ഞ്, ഒരിക്കല്‍ കൂടി കഴുകിയിട്ട് പാചകം ചെയ്യുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ കോട്ടണ്‍ തുണി ഉപയോഗിച്ചു വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു വയ്ക്കുക.
  • മല്ലിയില – മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചു കളഞ്ഞശേഷം ടിഷ്യുപേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിനു തൊട്ടുമുമ്പു വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍) ഉപ്പ് ലായനിയിലോ (20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) പത്തു മിനിറ്റു മുക്കിവച്ച ശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകുക.
  • കാബേജ് – കാബേജിന്റെ (വെള്ള, വയലറ്റ്) ഏറ്റവും പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞ ശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ കോട്ടണ്‍തുണി ഉപയോഗിച്ചു വെള്ളം തുടച്ചിട്ടു വയ്ക്കണം.