Movie News

വിസ്മയങ്ങള്‍ ഒളിപ്പിച്ച ബറോസിനായി കാത്തിരിക്കാം ; മോഹന്‍ലാലിന്റെ സംവിധാന സംരംഭത്തിന്റെ ട്രെയ്‌ലര്‍ എത്തി

മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ‘ബറോസ്-ഗാര്‍ഡിയന്‍ ഓഫ് ട്രഷറി’ന് ഇന്ത്യന്‍ സിനിമാവേദിയില്‍ തന്നെ വലിയ ശ്രദ്ധ നേടാനായിട്ടുണ്ട്. അഞ്ചു വര്‍ഷമായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച പുറത്തിറക്കി. സൂപ്പര്‍താരം തന്നെ നല്ലവനായ ഒരു പ്രേതത്തിന്റെ വേഷത്തില്‍ എത്തുന്ന ത്രീഡിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ തന്നെ വന്‍പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

നിഗൂഡമായ ഒരു നിധിയിരിക്കുന്ന ഒരു കോട്ടയുടെ സംരക്ഷകനായ പ്രേതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സിനിമയെക്കുറിച്ച് അണിയറയില്‍ കേള്‍ക്കുന്നത്. കോട്ടയില്‍ കൗതുകകരമായ നിരവധി കഥകള്‍ ഉണ്ടെന്നും ഒരു പ്രത്യേക പെണ്‍കുട്ടിക്ക് മാത്രം പുറത്തെടുക്കാന്‍ കഴിയുന്ന ഒരു നിധി മറയ്ക്കുന്നുവെന്നും സിനിമയുടെ കഥ പറയുന്നു. ഈ പെണ്‍കുട്ടിക്ക് മാത്രമേ പ്രേതത്തെ കാണാനും അവനോട് സംസാരിക്കാനും കഴിയൂ. ബറോസിന്റെ വര്‍ണ്ണാഭമായ ട്രെയിലര്‍ ഡിസ്‌നി ഫെയറിടെയില്‍ സിനിമകളുടെ പട്ടികയിലേക്ക് സിനിമയെ എത്തുക്കുമെന്ന പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്.

സംവിധായകന്‍ ജിജോ പുന്നൂസ് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മാജിക്, നാടകം, വൈകാരികത, ഒരു നിഗൂഢത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടികളെയും കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ്-ഗാര്‍ഡിയന്‍ ഓഫ് ട്രഷര്‍ നിര്‍മ്മിക്കുന്നത്, ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ലിഡിയന്‍ ആണ്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്ക് എതിരേ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് ജര്‍മ്മനി ആസ്ഥാനമായുള്ള മലയാളി എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആഗസ്റ്റില്‍ ചിത്രത്തിന്റെ ടീമിന് വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു.