Featured Sports

കോഹ്ലിക്ക് മുന്നില്‍ റെക്കോഡുകള്‍ തകര്‍ന്നു വീഴുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാലാം വിജയം നേടി പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തുമ്പോള്‍ കൂട്ടത്തില്‍ പിറക്കുന്നത് ഓരോ റെക്കോഡുകള്‍ കൂടിയാണ്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട്‌കോഹ്ലി തികച്ചത് കരിയറിലെ നാല്‍പ്പത്തെട്ടാം ശതകമായിരുന്നു. ഈ നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോഹ്ലിക്കായി.

മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ റെക്കോഡിന് 77 റണ്‍സ് അകലത്തിലായിരുന്നു കോഹ്ലി. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. എന്നാല്‍ 34 കാരന്‍ 97 പന്തുകളില്‍ ഈ നേട്ടമുണ്ടാക്കി. ആറ് ബൗണ്ടറികളും നാലു സിക്‌സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.

ഇന്ത്യക്കായി വിവിധ ഫോര്‍മാറ്റുകളിലായി ഇതുവരെ 511 മത്സരങ്ങളില്‍ നിന്നുമാണ് കോഹ്ലി ഈ നേട്ടം ഉണ്ടാക്കിയത്. 567 ഇന്നിംഗ്‌സുകളില്‍ കോഹ്ലി ഈ നേട്ടം ഉണ്ടാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് 26,000 റണ്‍സ് നേടിയിട്ടുള്ളത്. 664 മത്സരങ്ങളില്‍ നിന്ന് 782 ഇന്നിംഗ്സുകളില്‍ നിന്ന് 34,357 റണ്‍സ് നേടിയ സച്ചിന്‍ ആണ് പട്ടികയില്‍ മുന്നില്‍. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര 594 മത്സരങ്ങളില്‍ 666 ഇന്നിംഗ്സുകളില്‍ നിന്നും 28,016 റണ്‍സ് നേടി. ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് 560 മത്സരങ്ങളിലെ 668 ഇന്നിംഗ്‌സുകളില്‍ നിന്നും 27,6483 റണ്‍സ് നേടി മൂന്നാമതുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26,000 റണ്‍സ് തികയ്ക്കുന്നതിനു പുറമേ, മുന്‍ ശ്രീലങ്കന്‍ നായകന്‍ ജയവര്‍ദ്ധനയെ പിന്തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാലാമത്തെ റണ്‍ വേട്ടക്കാരനായും കോഹ്ലി മാറി. ഇതിന് പുറമേ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചവരുടെ പട്ടികയിലും കോഹ്ലി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് പിന്നിലാക്കിയത്. ഏകദിന ലോകകപ്പിലെ 29 മത്സരങ്ങളില്‍ കോഹ്ലിയുടെ റണ്‍നേട്ടം 1289 റണ്‍സായിരിക്കുകയാണ്. ഈ പട്ടികയിലും 45 കളികളില്‍ 2278 റണ്‍സ് എടുത്ത സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്.