Featured Sports

ഏ​ക​ദി​ന ബാ​റ്റി​ങ് റാ​ങ്കി​ങ്: സ്മൃ​തി​യെ മ​റി​ക​ട​ന്ന് വോ​ൾ​വാ​ർ​ട്ട് ഒ​ന്നാ​മ​ത്; ജെ​മീ​മ​ക്കും വ​ൻകു​തി​പ്പ്

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ വനിതാ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഒന്നാം സ്‌ഥാനം നഷ്‌ടപ്പെട്ടു. വനിതാ ഏകദിന ലോകകപ്പ്‌ ഫൈനലില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കന്‍ നായികയും ഓപ്പണറുമായ ലോറ വോള്‍വാദാണു പുതിയ ഒന്നാം സ്‌ഥാനക്കാരി.
രണ്ട്‌ സ്‌ഥാനങ്ങള്‍ കയറിയാണു ലോറ ഒന്നിലെത്തിയത്‌. ലോകകപ്പില്‍ ആകെ 571 റണ്ണെടുത്ത ലോറ 814 റേറ്റിങ്‌ പോയിന്റാണു നേടിയത്‌. സെമി ഫൈനലിലും ഫൈനലിലും ദക്ഷിണാഫ്രിക്കന്‍ നായിക സെഞ്ചുറിയടിച്ചു. ലോകകപ്പ്‌ തുടങ്ങുമ്പോള്‍ ഒന്നാം സ്‌ഥാനത്തായിരുന്നു സ്‌മൃതി ഒരു സ്‌ഥാനം താണ്‌ രണ്ടിലായി. ദക്ഷിണാഫ്രിക്കയെ 52 റണ്ണിനു തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഏകദിന ലോകകപ്പ്‌ നേടിയത്‌.
ഓസ്‌ട്രേലിയയ്‌ക്കെതിരേ സെമി ഫൈനലില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ ഫൈനലിലെത്തിച്ച ജെമീമ റോഡ്രിഗസ്‌ ആദ്യ പത്തിലെത്തി. അതേ മത്സരത്തില്‍ സെഞ്ചുറിയടിച്ച ഫോബി ലിച്‌ഫീല്‍ഡ്‌ 13 സ്‌ഥാനങ്ങള്‍ കയറി 13 ലെത്തി. ഓസ്‌ട്രേലിയയുടെ എലിസ പെറി ന്യൂസിലന്‍ഡിന്റെ സോഫി ഡെവിനൊപ്പം ഏഴാം സ്‌ഥാനത്താണ്‌.
സോഫി ഡെവിന്‍ ലോകകപ്പോടെ ഏകദിനത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ നാല്‌ സ്‌ഥാനങ്ങള്‍ കയറി 14 ലെത്തി. ബൗളര്‍മാരില്‍ സോഫി എക്‌സല്‍സ്‌റ്റോണ്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ മാരിസാന കാപ്‌ രണ്ട്‌ സ്‌ഥാനങ്ങള്‍ പിന്നാലെയുണ്ട്‌.
ഇംഗ്ലണ്ടിനെതിരേ നടന്ന സെമി ഫൈനലില്‍ കാപ്‌ അഞ്ച്‌ വിക്കറ്റെടുത്തിരുന്നു. ഓസ്‌ട്രേലിയയുടെ അനാബെല്‍ സതര്‍ലന്‍ഡ്‌, കിം ഗാര്‍ത്‌ എന്നിവര്‍ ആദ്യ പത്തിലെത്തി. ലോകകപ്പിലെ താരമായ ദീപ്‌തി ശര്‍മ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ നാലാം സ്‌ഥാനത്തായി. ദീപ്‌തി ശര്‍മ സെമിയിലും ഫൈനലിലുമായി ഏഴ്‌ വിക്കറ്റും 82 റണ്ണുമെടുത്തു. അനാബെല്‍ സതര്‍ലന്‍ഡിനെ പിന്തള്ളിയാണു ദീപ്‌തിയുടെ മുന്നേറ്റം.