Sports

ഐപിഎല്ലില്‍ നാഴികക്കല്ലുമായി രവീന്ദ്ര ജഡേജ ; ഫീല്‍ഡിംഗിലും തിളങ്ങി, ക്യാച്ചുകളുടെ എണ്ണം നൂറായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു നാഴികക്കല്ലുമായി രവീന്ദ്രജഡേജ. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാളായ രവീന്ദ്ര ജഡേജ 100 ക്യാച്ചുകള്‍ തികച്ചു. ഈ നാഴികക്കല്ലില്‍ എത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അഞ്ചാമത്തെ ഫീല്‍ഡറായിട്ടാണ് രവീന്ദ്ര ജഡേജ മാറിയത്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ എന്നിവരോടൊപ്പം ജഡേജയും ചേര്‍ന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് മൂര്‍ച്ചയുള്ള രണ്ടു ക്യാച്ചുകളിലൂടെയാണ് ജഡേജ ആ നാഴികക്കല്ലില്‍ എത്തിയത്. കെകെ ആറിന്റെ ഫില്‍ സാള്‍ട്ടിനെ ആദ്യ പന്തില്‍ തന്നെ ദേശ്പാണ്ഡേയുടെ പന്തില്‍ പിടിച്ച ജഡേജ നായകന്‍ ശ്രേയസ് അയ്യരെയും മുസ്താഫിസുര്‍ റഹ്മാന്റെ പന്തില്‍ പിടികൂടി. മത്സരത്തില്‍ മൂന്ന് വിക്കറ്റും ജഡേജ നേടി.

ഓപ്പണര്‍ സുനില്‍ നരേനെ 27 റണ്‍സില്‍ നില്‍ക്കെ ആദ്യം പുറത്താക്കിയ ജഡേജ നരേനെ ശ്രീലങ്കന്‍താരം തീക്ഷ്ണയുടെ കൈകളില്‍ എത്തിച്ചു. പിന്നാലെ അംഗകൃഷ് രഘുവംശിയെയും പുറത്താക്കി. 24 റണ്‍സ് എടുത്ത അംഗ്കൃഷിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ മൂന്ന് റണ്‍സിന് വെങ്കിടേഷ് അയ്യരെയും വീഴ്ത്തി. മിച്ചലിനായിരുന്നു ക്യാച്ച്. നാല് ഓവര്‍ എറിഞ്ഞ ജഡേജ വെറും 14 റണ്‍സ് മാത്രമായിരുന്നു വിട്ടുകൊടുത്തത്. മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ചെന്നൈ ബൗളര്‍മാര്‍ കെകെആറിനെ 137 ന് പുറത്താക്കിയിരുന്നു.