Movie News

വിവാഹനിശ്ചയംവരെ നടത്തി, കല്യാണത്തിലെത്തിയില്ല ; അക്ഷയ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് രവീണ

ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെട്ട കഥയായിരുന്നു അക്ഷയ്കുമാര്‍ രവീണ ടണ്ടനും തമ്മിലുള്ളത്. എന്നാല്‍ ബോളിവുഡില്‍ വലിയ സംസാര വിഷയമായിട്ടും ഇരുവരും ഒന്നിച്ചില്ല. അക്ഷയ്കുമാര്‍ നടി ട്വിങ്കിള്‍ഖന്നയെ വിവാഹം കഴിച്ച് മനോഹരമായ കുടുംബജീവിതം നയിക്കുമ്പോള്‍ രവീണയും മറ്റൊരാളെ വിവാഹം കഴിച്ച് മറ്റൊരു ജീവിതവും നയിക്കുന്നു.

1994 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മൊഹ്റയ്ക്ക് ശേഷം രവീണ ടണ്ടന്റെയും അക്ഷയ് കുമാറിന്റെയും പ്രണയം തുടങ്ങിയത്. ഇത് പെട്ടെന്ന് ബോളിവുഡിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നായി മാറി. 90-കളുടെ അവസാനത്തില്‍ ഇരുകുടുംബങ്ങളുമൊത്ത് വിവാഹനിശ്ചയം വരെ നടത്തിയ ശേഷമാണ് ഈ ബന്ധം വിച്ഛേദിക്കപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1998 ല്‍ അവര്‍ വേര്‍പിരിഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള മുന്‍ പോഡ്കാസ്റ്റിനിടെ, അക്ഷയ് കുമാര്‍ ചാപ്റ്ററിനെയും അവളുടെ വിവാഹനിശ്ചയത്തെയും കുറിച്ച് രവീണ സംസാരിച്ചു. താന്‍ അത് വിസ്മരിച്ചു കഴിഞ്ഞെന്നാണ് നടി പറഞ്ഞത്. വിവാഹനിശ്ചയം വര്‍ഷങ്ങളോളം രഹസ്യമായി കിടന്നെങ്കിലും തങ്ങള്‍ മണ്ഡപത്തില്‍ എത്തിയില്ലെന്ന് നടിപറഞ്ഞു. ”മൊഹ്റ സമയത്ത് ഞങ്ങള്‍ ഒരു ഹിറ്റ് ജോഡിയായിരുന്നു, ഇപ്പോള്‍ പോലും, സാമൂഹികമായി പരസ്പരം ഇടപഴകുമ്പോള്‍, നാമെല്ലാവരും കണ്ടുമുട്ടുന്നു. പക്ഷേ ഒരു വിവാഹനിശ്ചയം ഇപ്പോഴും എന്റെ തലയില്‍ കുടുങ്ങിക്കിടക്കുന്നു, എന്തുകൊണ്ടെന്ന് എനിക്കറിയില്ല.” നടി പറഞ്ഞു.

അടുത്തിടെ, മൊഹ്റയിലെ ഹിറ്റ്ഗാനം ‘ടിപ്പ് ടിപ്പ് ബര്‍സ പാനി’യുടെ ഷൂട്ടിംഗിനെക്കുറിച്ച് രവീണ ഗലാറ്റയോട് പറഞ്ഞിരുന്നു. അക്കാലത്തെ ഏറ്റവും ചൂടേറിയ മഴ ഗാനത്തില്‍ അക്ഷയ് കുമാറും രവീണയും തണുത്തുറഞ്ഞ വെള്ളത്തിലാണ് ചൂടന്‍ പ്രണയം അഭിനയിച്ചത്. മൊഹ്റയില്‍ നിന്നുള്ള ഐക്കണിക് ടിപ്പ് ടിപ്പ് ബര്‍സ പാനി ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് അതിമനോഹരമായ രസതന്ത്രത്തിന്റെ പേരിലാണ്. പക്ഷേ ഏറെ ബുദ്ധിമുട്ടുകളാണ് അതിന് വേണ്ടി സഹിക്കേണ്ടി വന്നതെന്ന് താരം പറഞ്ഞു. ‘കാല്‍മുട്ടുകളില്‍ രക്തസ്രാവം, കടുത്ത പനി, വളരെയധികം ‘വേദന’ എന്നിവയെല്ലാം സഹിക്കേണ്ടി വന്നതായി താരം പറഞ്ഞു.

”ചൂടാക്കിയ വെള്ളമല്ല, ടാങ്കറില്‍ നിന്നുള്ള തണുത്ത വെള്ളമാണ് ഫ്രീസ് ചെയ്തത്. ഒരു നിര്‍മ്മാണ സൈറ്റിലായിരുന്നു ചിത്രീകരണം. കാല്‍മുട്ടുകളിലും കണങ്കാലുകളിലും രക്തസ്രാവമുണ്ടായി, തുരുമ്പിച്ച കൂര്‍ത്ത വസ്തുക്കള്‍ കാലില്‍ തുളച്ചതിനെ തുടര്‍ന്ന് ടെറ്റനസ് ഷോട്ട് എടുക്കേണ്ടി വന്നു. ആള്‍ക്കാര്‍ക്ക് ഏറെ ഗ്‌ളാമറസായി തോന്നുന്ന കാര്യം പക്ഷേ കടുത്ത വേദനാജനകമായിരുന്നു. മുറിവുകളുടെയും ചതവുകളുടെയും വേദനയിലും മുഖത്ത് സന്തോഷം പ്രകടിപ്പിക്കേണ്ടി വന്നു. ആവര്‍ത്തിച്ചുള്ള തണുത്ത മഴയ്ക്ക് ശേഷം രണ്ടാം ദിവസം പനി പിടിച്ചു. അങ്ങനെയാണ് അടുത്ത മൂന്ന് ദിവസത്തേക്ക് ഞാന്‍ ഷൂട്ട് ചെയ്തത്, ”അവര്‍ പറഞ്ഞു.