ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല്‍ റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്.
ഒക്‌ടോബര്‍ പത്തൊന്‍പതിന്ന് വീട്ടില്‍ വച്ചാണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. മരുമകളേയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് സംഭവം ആരോടും തുറന്നു പറയാന്‍ കുട്ടികള്‍ തയ്യാറായിരുന്നില്ല.
പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം ആദ്യം പരസ്പരം പങ്കുവച്ചു. ഇതിന് ശേഷം ധൈര്യം സംഭരിച്ച് ഇരുവരും ശനിയാഴ്ച നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ദുരനുഭവം കുട്ടികള്‍ വിവരിച്ചത് ഭീകരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്‍ പോയി. പ്രതി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇയാളെ കണ്ടെത്തുക അതീവ ദുഷ്‌കരമായിരുന്നു. പിന്നീട് സമീപജില്ലയായ കോര്‍ബയില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ, ബി.എന്‍.എസ്. നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.