Movie News

ഐതിഹാസിക ചിത്രം രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ എത്തുന്നത് രണ്ട് വേഷത്തില്‍ ; അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാകുന്നു ?

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ രണ്ട് കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, സിനിമാ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മഹാവിഷ്ണുവിന്റെ ഒന്നല്ല, രണ്ട് അവതാരങ്ങളാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്.

രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും പരശുരാമനായും എത്തുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരശുരാമനെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കാരണമാണ് രണ്‍ബീര്‍ തന്നെ അവതരിപ്പിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമായണത്തില്‍, മിഥിലയില്‍ വെച്ച് സീതയും ശ്രീരാമനും വിവാഹിതരായതിന് ശേഷം മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്‍ രാമനെ യുദ്ധത്തിന് വെല്ലുവിളിക്കുന്നു. ഈ ഭാഗമായിരിയ്ക്കും രണ്‍ബീര്‍ രണ്ട് കഥാപാത്രമായി അവതരിപ്പിയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിഖില്‍ കാമത്തുമായി അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ തന്റെ അടുത്ത വേഷത്തിനായി എല്ലാ ദിവസവും മൂന്ന് നാല് മണിക്കൂര്‍ താന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ അടുത്ത ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ പറയാന്‍ സാധിയ്ക്കില്ലെന്നാണ് രണ്‍ബീര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചിത്രത്തിനായുള്ള തന്റെ വ്യായാമ രീതി എങ്ങനെ മാറ്റം വരുത്തിയെന്നതിനെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞു. ഡംബെല്‍സ്, ചെസ്റ്റ് പ്രസ്സുകള്‍, പ്രോട്ടീന് പ്രാധാന്യം എന്നിവയായിരുന്നു രണ്‍ബീറിന്റെ മുന്‍ വ്യായാമ ദിനചര്യ. ഇപ്പോള്‍ നാം എന്ന കൊറിയന്‍ പരിശീലകന്റെ സഹായത്തോടെ തന്റെ പരിശീലന ശൈലിയില്‍ വളരെയധികം മാറ്റം വരുത്തിയെന്ന് രണ്‍ബീര്‍ പറയുന്നു.

രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും അഭിനയിക്കുന്നു. ചിത്രത്തില്‍ രാവണനായി യാഷ് അഭിനയിക്കുമെന്ന് പറയപ്പെടുന്നു. യാഷ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ അരുണ്‍ ഗോവില്‍, ലാറ ദത്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാമായണത്തിലെ ഹനുമാന്റെ വേഷത്തിനായി സണ്ണി ഡിയോളിനെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിയ്ക്കില്ലെങ്കിലും രാവണനില്‍ നിന്ന് സീതാദേവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന ദൈവഭക്തനായ പക്ഷി ജടായുവിന് അദ്ദേഹം തന്റെ ശബ്ദം നല്‍കുന്നുവെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *