Movie News

മുമ്പ് ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല ; മാലിക്കിലൂടെ രാജ്കുമാര്‍ റാവു പുതിയ മേഖല തേടുന്നു

സ്വഭാവനടനെന്ന നിലയില്‍ ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുള്ള താരമാണ് രാജ്കുമാര്‍ റാവു. എന്നാല്‍ ലോകസുന്ദരി മാനുഷി ചില്ലാറുമായി ഒന്നിക്കുന്ന പുതിയ സിനിമയില്‍ ആക്ഷന്‍ മോഡിലേക്ക് പ്രവേശിക്കുകയാണ് നടന്‍. ഇതാദ്യമായിട്ടാണ് രാജ്കുമാര്‍ റാവു ആക്ഷന്‍ സിനിമ ചെയ്യുന്നത്. ശരിയായ തിരക്കഥ വരുന്നത് വരെ നോക്കിയിരുന്നതാണ് ഇതുവരെ ആക്ഷന്‍ ചെയ്യാതിരുന്നതിന് കാരണമെന്ന് രാജ്കുമാര്‍ റാവു വ്യക്തമാക്കി. ജൂലൈ 11 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.

മുമ്പ് ഓഫറുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് താന്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് രാജ്കുമാര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ എന്റെ ഉള്ളില്‍ പര്യവേക്ഷണം ചെയ്യാനുണ്ട്. തീര്‍ച്ചയായും ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച ചുരുക്കം ചില കാര്യങ്ങളില്‍ ഒന്നാണ് മാലികെന്നും പറഞ്ഞു. ശരിയായ തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ആക്ഷന്‍ സിനിമകള്‍ എനിക്ക് മുമ്പ് ലഭിച്ചിട്ടില്ലെന്ന് തോന്നുന്നില്ല, പക്ഷേ കഥ അവിടെ ഉണ്ടായിരുന്നില്ല.

എനിക്ക്, ആക്ഷന്‍ വെറും ആക്ഷന്‍ അല്ല – ഒരു കഥ ഉണ്ടായിരിക്കണം, ആക്ഷന്‍ അതിന്റെ ഭാഗമാകണം. മാലിക് വന്നപ്പോള്‍, എനിക്ക് തിരക്കഥ വളരെ ഇഷ്ടപ്പെട്ടു. മാലിക് ആയി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. മാലിക് എന്ന പേരില്‍ വളരെയധികം ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌ക്രീനില്‍ തനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ആരുടെയെങ്കിലും വേഷം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, നടന്‍ സഞ്ജയ് ദത്തിന്റെ പേര് എടുത്ത് പറഞ്ഞു. സഞ്ജയ് ദത്ത് ഒരു മികച്ച നടനാണ്. ഖല്‍നായകിലും വാസ്തവിലും അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹം മറ്റൊരു തലത്തിലാണെന്ന് നമുക്ക് മനസ്സിലാകും. അതൊരു സ്വാഗ് തന്നെയാണ്.