Movie News

വിജയ് തമിഴ്‌രാഷ്ട്രീയത്തില്‍ വിജയിക്കുമോ? രജനീകാന്തിന്റെ സഹോദരന്‍ പറയുന്നത് കേള്‍ക്കൂ

കഴിഞ്ഞമാസം സ്വന്തം പാര്‍ട്ടി അവതരിപ്പിച്ചുകൊണ്ട് തമിഴ്‌നാട് സൂപ്പര്‍താരം ദളപതി വിജയ് വമ്പന്‍ പ്രഖ്യാപനമാണ് നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനം മുഴുവനും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം എത്രമാത്രം വിജയകരമാകുമെന്ന് പ്രവചിക്കുകയാണ് സീനിയര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായാണ റാവു.

മധുരയിലെ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയിലാണ് റാവു വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ചത്. ”കമല്‍ഹാസനെ പോലെ വിജയ് യും ഒന്നു പരീക്ഷിക്കട്ടെ.” അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിജയ് യുടെ രാഷ്ട്രീയ എതിരാളികളുടെ ക്യാമ്പ് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ട്. ഇത്തവണ വിജയ് യുടെ ഊഴമാണ്.

രാഷ്ട്രീയമായി വലിയ ലക്ഷ്യം വിജയ് യ്ക്കുണ്ട്. എന്നാല്‍ വിജയ് തമിഴ് രാഷ്ട്രീയത്തില്‍ ക്ലച്ച് പിടിക്കുമെന്ന് കരുതുന്നില്ല. തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം വിജയിക്കാന്‍ വലിയ പാടായിരിക്കും.” റാവു പറഞ്ഞു. താന്‍ കുറെ നാളായി വിജയ് യുടെ രാഷ്ട്രീയം സാകൂതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിജയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തക്കവിധത്തിലുള്ള കാര്യമായ കാരണങ്ങളൊന്നുമില്ലെന്നും പറഞ്ഞു. അതിനിടയില്‍ തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ ആദ്യത്തെ പ്രധാന യോഗം ഒക്‌ടോബര്‍ 27 ന് നടത്തിയിരിക്കുകയാണ് വിജയ്.

പല വിധമായ മേഖലകളില്‍ തന്റെ സംഘടനയുടെ ഘടനയ്ക്ക് കൂടുതല്‍ കരുത്തു നല്‍കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു യോഗം വിളിച്ചത്. യോഗത്തില്‍ വിജയ് യും മറ്റു പാര്‍ട്ടി നേതാക്കളും ജാതിസര്‍വേ പോലെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു വിജയ് തന്റെ പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായത്.