ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയുടെ സംഗീത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ നര്‍മം തുളുമ്പുന്ന ഓര്‍മ്മ പങ്കിട്ട് സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത്.
ശനിയാഴ്‌ച ചെന്നൈയില്‍ ഇളയരാജയുടെ 50-ാമത് സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ രജനീകാന്തും ഇളയരാജയും ഹൃദയസ്‌പര്‍ശിയായ ഒരു നിമിഷം പങ്കിടുകയായിരുന്നു. സംഗീതജ്‌ഞന്റെ സിനിമയിലെ അഞ്ച് പതിറ്റാണ്ടുകള്‍ അടയാളപ്പെടുത്തിയ പരിപാടിയിലാണു സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്ത് അവരുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവം ഓര്‍മ്മിച്ചെടുത്തത്. ഇതോടെ സദസിനെ ‘ചിരിക്കളമാക്കി’.
സംഭവം ഇങ്ങനെ:-
വേദിയിലേക്ക് കയറിയ ഇളയരാജ, രജനീകാന്ത് പരിപാടിക്ക് രണ്ട് ദിവസം മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും അവരുടെ പഴയ സാഹസികതകള്‍ വെളിപ്പെടുത്തുമെന്നു തമാശ പറഞ്ഞതായും വെളിപ്പെടുത്തി. ” രണ്ടുദിവസം മുമ്പ് രജനി എന്നെ വിളിച്ചു, നമ്മള്‍ ചെയ്‌തകാര്യം ഞാന്‍ വെളിപ്പെടുത്താന്‍ പോകുന്നു. നമ്മള്‍ ഒരിക്കല്‍ മദ്യപിക്കാന്‍ ഇരുന്ന കാര്യം. അതില്‍ താങ്കള്‍ എന്തെങ്കിലും ചെയ്‌തതായി ഓര്‍ക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങള്‍ അരക്കുപ്പി ബിയര്‍ കുടിച്ചതും പിന്നീട് നര്‍ത്തകനെപ്പോലെ നൃത്തം ചെയ്‌തതും ഓര്‍ക്കുന്നുണ്ടോ”- ഇളയരാജ പറഞ്ഞു.
അതിനുശേഷം രജനീകാന്ത് വേദിയില്‍ ഓടിക്കയറി ഇളയരാജയ്‌ക്കൊപ്പം ചേര്‍ന്നു കഥ സ്വയം വിവരിച്ചു. ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താനും സംവിധായകന്‍ മഹേന്ദ്രനും മദ്യപിച്ചിരുന്നതിനെ തുടര്‍ന്ന് ഇളയരാജയെ മദ്യപിക്കാന്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതിനെ സൂപ്പര്‍സ്‌റ്റാര്‍ ഓര്‍മ്മിച്ചു.
“അര കുപ്പി കുടിച്ചതിനു ശേഷം അദ്ദേഹം നടത്തിയ പ്രകടനം ഒരിക്കലും മറക്കില്ല. പുലര്‍ച്ചെ 3 വരെ അദ്ദേഹം നൃത്തം ചെയ്‌തു. തുടര്‍ന്ന്, ചിത്രത്തിന്റെ സംഗീതത്തെക്കുറിച്ച് മഹേന്ദ്രന്‍ ചോദിച്ചപ്പോള്‍, നിശ്‌ചലമായി ഇരിക്കുകയും നായികമാരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പങ്കുവെക്കുകയും ചെയ്‌തു” രജനീകാന്ത് പറഞ്ഞു.
രജനീകാന്തും ഇളയരാജയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. സൂപ്പര്‍സ്‌റ്റാറിന്റെ സിനിമകള്‍ക്കായി എണ്ണമറ്റ ഹിറ്റ് ഗാനങ്ങള്‍ രജനീകാന്ത് സൃഷ്‌ടിച്ചിട്ടുണ്ട്. ചടങ്ങില്‍, രജനീകാന്ത് അവരുടെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് സംസാരിച്ചു. ” ഞാന്‍ എപ്പോഴും ഇളയരാജയെ സ്വാമി എന്ന് വിളിക്കുന്നു. അദ്ദേഹം ഒരു അത്ഭുതകരവും അസാധാരണവുമായ വ്യക്‌തിയാണ്.
1970-കളിലും 80-കളിലും 90-കളിലും അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഇന്ന് ഒരു സിനിമയായി മാറിയാലും അവ ഹിറ്റാകും. ഞാന്‍ അദ്ദേഹത്തെ ഒരു മികച്ച മനുഷ്യനായിട്ടാണ് കാണുന്നത്. ഈ 50 വര്‍ഷത്തിനിടെ ഞാന്‍ അദ്ദേഹത്തോടൊപ്പം നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്”- രജനി പറഞ്ഞു.




