അജ്മീര്‍: കാമുകന്റെ പരിഹാസത്തെത്തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ അമ്മ അജ്മീറില്‍ അറസ്റ്റില്‍. മകളെ തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലാണ് വാരാണസി സ്വദേശി പ്രിയ(28) എന്ന അഞ്ജലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
യു.പിയിലെ വാരാണസി സ്വദേശിനിയായ പ്രിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് അജ്മീറിലെത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ത്തന്നെയായിരുന്നു കാമുകനായ അല്‍കേഷും ജോലി ചെയ്തിരുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ കുറിച്ച് കാമുകന്റെ നിരന്തരമായ പരിഹാസമാണു കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്‍കി. കുട്ടിയെ കാണാതായെന്നു ഇവര്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിലാണു കുറ്റകൃത്യം തെളിഞ്ഞത്.
ചൊവ്വാഴ്ച രാത്രി പതിവ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സമയത്ത് റോഡിലൂടെ നടന്നുപോകുന്ന ദമ്പതികളെ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. അന്വേഷണത്തില്‍, താന്‍ മകളോടൊപ്പം പുറത്തുപോയതാണെന്നും എന്നാല്‍ വഴിയില്‍വച്ചു കുട്ടിയെ നഷ്ടപ്പെട്ടെന്നും പ്രിയ പോലീസിനോടു പറഞ്ഞിരുന്നു. രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് അവര്‍ പോലീസുകാരോടു പറഞ്ഞു.
പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോള്‍ സംഭവങ്ങളെക്കുറിച്ചുള്ള പ്രിയയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. അന സാഗര്‍ തടാകത്തിനു ചുറ്റും രാത്രിയില്‍ മകളെ കൈകളില്‍ എടുത്തുകൊണ്ട് പ്രിയ നടക്കുന്നതിന്റെ ദൃശ്യവും പോലീസിനു ലഭിച്ചു. ബുധനാഴ്ച രാവിലെ തടാകത്തില്‍നിന്നു കുട്ടിയുടെ മൃതദേഹം ലഭിച്ചതോടെ പ്രിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രിയ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
തന്റെ പങ്കാളിയായ അല്‍കേഷ് മകളെക്കുറിച്ച് പറഞ്ഞ് പതിവായി പരിഹസിക്കുമായിരുന്നുവെന്നും ഇത് തന്നെ വൈകാരികമായി തളര്‍ത്തിയെന്നും പ്രിയ പോലീസിനു മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയശേഷം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഈ വിവരം അല്‍കേഷിനെ അറിയിച്ചതെന്നും പ്രിയ പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തിയാണ് അജ്മീര്‍ പോലീസ് അഞ്ജലിയെ അറസക്കറ്റ് ചെയ്തത്. കൊലപാതകത്തില്‍ അല്‍കേഷിന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.




