പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ– പാക്ക് നയതന്ത്ര ബന്ധത്തിൽ
വന്‍വിള്ളൽ വീണതോടെ മുടങ്ങിയത് പാവം രാജസ്ഥാൻ സ്വദേശിയുടെ വിവാഹം. വാഗ-അട്ടാരി അതിർത്തി അടച്ചതോടെ ഇനിയെന്ന് ഒന്നാകുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവും പാക്ക് സ്വദേശിയായ യുവതിയും. അതിർത്തി അടച്ചതോടെ ബാർമർ സ്വദേശിയായ ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പാക്കിസ്ഥാനിലേക്കു പ്രവേശിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
നാലു വർഷം മുൻപായിരുന്നു പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ കേസർ കൻവാറുമായുള്ള ഷൈന്തൻ സിങ്ങിന്റെ പ്രണയം തുടങ്ങിയത്. നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം വിവാഹ ചടങ്ങിനുള്ള വിസ ലഭിക്കാനും കാലതാമസം നേരിടേണ്ടി വന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 18–നാണ് ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പാക്കിസ്ഥാൻ വിസ അനുവദിച്ചത്. മേയ് 12ന് വിസയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഏപ്രിൽ 30ന് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു കുടുംബങ്ങൾ.
പക്ഷേ, അതിനിടെ പഹൽഗാം ഭീകരാക്രമണം നടന്നു. ഷൈന്തൻ സിങ്ങിന്റെ വിവാഹ ഘോഷയാത്ര പാക്കിസ്ഥാനിലേക്ക് കടക്കുന്നതിന് മുൻപ് വാഗ-അട്ടാരി അതിർത്തി അടച്ചു. ഭീകരാക്രമണത്തിനു പാക്ക് പിന്തുണ ലഭിച്ചെന്നു ചൂണ്ടിക്കാട്ടി പാക്ക് പൗരന്മാർക്ക് ഇനി മുതൽ വിസ അനുവദിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ടെന്ന് ഇന്ത്യൻ പൗരന്മാരെ വിദേശ കാര്യമന്ത്രാലയം വിലക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ പൗരന്മാരുടെ വീസ മരവിപ്പിക്കുന്നതായി പാക്കിസ്ഥാനും പ്രഖ്യാപിച്ചു. നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഇനി എന്ന് വിവാഹിതരാകാനാവുമെന്ന കാത്തിരിപ്പിലാണ് കേസർ കൻവാറും ഷൈന്തൻ സിങും.