തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ബന്ധിച്ച ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹായത്തിനായി യുവതി നിലവിളിക്കുന്നതും അവളുടെ ഭര്‍ത്താവ് കുറച്ച് നിമിഷങ്ങള്‍ പാറക്കെട്ടുകള്‍ക്ക് കുറുകെ കെട്ടിവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭര്‍ത്താവിനെ തടഞ്ഞ് യുവതിയെ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. വീഡിയോ ചിത്രീകരിച്ചയാള്‍ പോലും രംഗത്തേക്ക് കടന്നുവരികയോ തടയുകയോ ചെയ്തില്ല.
ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ജെയ്സാല്‍മീറിലെ സഹോദരിയെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധം പിടിച്ച സ്ത്രീയ്ക്കായിരുന്നു ഈ ദുരനുഭവം ഉണ്ടായത്. ഭര്‍ത്താവ് വിസമ്മതിച്ചിട്ടും അവള്‍ സഹോദരിക്കൊപ്പം പോകാന്‍ ആഗ്രഹിച്ചു. ഇതോടെയാണ് ഭര്‍ത്താവ് അവളെ തന്റെ മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം റോഡിലൂടെ വലിച്ചിഴച്ചത്. ഇത് വൈറല്‍ വീഡിയോയാകുകയും ചെയ്തു.
നഹര്‍സിംഗ്പുര ഗ്രാമത്തില്‍ ഏകദേശം ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പഞ്ചൗഡി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്ര കുമാര്‍ പറഞ്ഞു. ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതി സംഭവം അധികൃതരെ അറിയിച്ചില്ല. എന്നാല്‍, പൊതുശല്യമുണ്ടാക്കിയതിന് പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭാര്യയെ നിരന്തരം ആക്രമിക്കുന്നതിനാല്‍ ഇയാളെ ഗ്രാമത്തിലെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയാണ്. കേസില്‍ നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.