Crime

ലഹരിനല്‍കി വീഴ്ത്തും; അനാശാസ്യത്തിനുപയോഗിക്കും, ഇരകള്‍ ഐടിക്കാരും വിദ്യാര്‍ഥിനികളും, കുടുങ്ങിയവരില്‍ ഉത്തരേന്ത്യക്കാരായ ആറു പെണ്‍കുട്ടികള്‍

എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ കുടുങ്ങിയത്‌ ഉത്തരേന്ത്യക്കാരായ ആറു പെണ്‍കുട്ടികള്‍. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മണ്ണാര്‍ക്കാട്‌ സ്വദേശി അക്‌ബര്‍ അലിയും അറസ്‌റ്റിലായി.

നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രഫഷണലുകളും റാക്കറ്റില്‍ കുടുങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായി വിവരമുണ്ട്‌. കൂടുതല്‍ അന്വേഷണത്തിനുശേഷം പോക്‌സോ കേസടക്കം ചുമത്തും. കൊച്ചിയില്‍ മാത്രം നൂറിലധികം അനാശാസ്യ കേന്ദ്രങ്ങളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകര്‍ഷകമായ പേരുകളും പരസ്യബോര്‍ഡുകളും വച്ചാണു തട്ടിപ്പുകാര്‍ ഉപഭോക്‌താക്കളെ ആകര്‍ഷിക്കുന്നത്‌.

ഉത്തരേന്ത്യയില്‍നിന്നും മറ്റും യുവതികളെ എത്തിച്ചാണു പ്രവര്‍ത്തനം. അനാശാസ്യ കേന്ദ്രത്തിലൂടെ അക്‌ബര്‍ അലി സമ്പാദിച്ചതു ലക്ഷങ്ങളാണെന്നാണു നിഗമനം. ആഢംബര കാറില്‍ കറങ്ങി ഐടി സ്‌ഥാപനങ്ങളും മാളുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്‌ അക്‌ബര്‍ അലി. ഇവിടങ്ങളില്‍നിന്നു പെണ്‍കുട്ടികളെ വശീകരിക്കും. അതിനുശേഷം ലഹരിക്ക്‌ അടിമകളാക്കും. ഇതിനൊപ്പം ലഹരിക്ക്‌ അടിമകളായവരെ കണ്ടെത്തിയും വശീകരിക്കും. ഇവരെയാണ്‌ അനാശാസ്യ കേന്ദ്രത്തിലേക്ക്‌ എത്തിക്കുക. ലഹരി അടിമയായ യുവതികളില്‍നിന്നു സാമ്പത്തിക തട്ടിപ്പും ഇയാള്‍ നടത്താറുണ്ട്‌.

എളമക്കര, കടവന്ത്ര പോലീസിന്റെ സംയുക്‌ത ഓപ്പറേഷനിലാണ്‌ റാക്കറ്റ്‌ കുടുങ്ങിയത്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇടപ്പള്ളിയില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ എളമക്കര പോലീസിനു ലഭിച്ച വിവരമാണു നിര്‍ണായകമായത്‌.

പരിശോധനയില്‍ ഇടപ്പള്ളിയില്‍നിന്ന്‌ അക്‌ബര്‍ അലിയെ അറസ്‌റ്റ് ചെയ്‌തു. ഇവിടെ സ്‌ത്രീകള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‌ സമീപം മറ്റൊരു ബ്രാഞ്ച്‌ ഉണ്ടെന്ന്‌ ഇയാള്‍ വെളിപ്പെടുത്തിയത്‌. വാടക വീടായിരുന്നു ഇത്‌. ഇടപ്പള്ളി സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നു പറഞ്ഞാണ്‌ ഇവര്‍ എറണാകുളം സൗത്തില്‍ വീട്‌ വാടകയ്‌ക്ക് എടുത്തത്‌. വീടിനു മുന്‍വശത്തായി ചെറിയ ടീ സ്‌റ്റാളുണ്ട്‌. ഇതിന്റെ മറവിലാണ്‌ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്‌. ഇവിടെ നടത്തിയ പരിശോധനയിലാണു സ്‌ത്രീകളെ രക്ഷപ്പെടുത്തിയത്‌. രക്ഷപ്പെട്ട സ്‌ത്രീകളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാകും കേസെടുക്കുക.
മലയാളിയായ സ്‌ത്രീകളും റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നമ്പര്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനം. അനധികൃത മസാജ്‌ കേന്ദ്രങ്ങളുടെ മറവിലും അനാശാസ്യ കേന്ദ്രങ്ങള്‍ അക്‌ബര്‍ അലി നടത്തിയിരുന്നു. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍നിന്നു പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.