Crime

രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്.ഐ.ടി. കസ്റ്റഡിയില്‍?

ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എസ്.ഐ.ടി. കസ്റ്റഡിയിലെന്ന് സൂചന. അല്‍പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി അറിയിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേരുന്നുമുണ്ട്.

അതിനിടെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ രാഹുലുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു.

2025 ഓഗസ്റ്റ് 21ന് ലൈംഗിക പീഡന തെളിവുകൾ പുറത്തുവന്നതോടെ സമ്മർദത്തിന് വഴങ്ങിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചത്. ഓഗസ്റ്റ് 25ന് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് (ഡിസംബർ 04ന്) രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് രാഹുലിനെ പാർട്ടി പുറത്താക്കുന്നത്. പാർട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കേണ്ടി വരും. രാഹുൽ സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്‍റെ ആവശ്യം.