Crime

രാഹുൽ മാങ്കൂട്ടത്തിൽ എവിടെ? MLA ഓഫീസ് പൂട്ടി, അറസ്റ്റിന് നീക്കം? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ കണ്ടു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അ​തേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ കേസെടുത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാനാണ് ​പൊലീസ് നീക്കം. ഉടൻ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്

രാഹുൽ മാങ്കൂട്ടത്തിലുമായോ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റുമായോ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യമാണുള്ളത്. യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ച നിലയിലാണ്. പരാതി വന്നതിന് പിന്നാലെ അപ്രത്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ പിന്നാലെ താൻ നിരപരാധിയാണെന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. . നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

എം.എൽ.എക്കെതിരെ ഏറെ നാളായി പരാതി ഉയർന്നിരുന്നുവെങ്കിലും ആരും നേരിട്ട് പരാതി നൽകിയിരുന്നില്ല. എന്നാൽ ഇന്ന് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവയടക്കമുള്ള തെളിവുകളുമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.