Sports

BCCIയുടെ ജൂനിയര്‍ ടൂര്‍ണമെന്റ്: ദ്രാവിഡിന്റെ മകന്‍ പൂജ്യത്തിന് പുറത്ത് ; സെവാഗിന്റെ മകന് അര്‍ദ്ധശതകം

ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് രാഹുല്‍ദ്രാവിഡും വീരേന്ദര്‍ സെവാഗും പാഡഴിച്ചത്. ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ പരിശീലകനായി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കുമ്പോള്‍ വീരു ക്രിക്കറ്റ് വിമര്‍ശകനായി തകര്‍ക്കുന്നു. എന്നാല്‍ ഇവരുടെ പ്രതിഭ ഇവരുടെ തലമുറയിലേക്കും ഉറ്റുനോക്കുകയാണ് ആരാധകര്‍.

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ബിസിസിഐയുടെ ജൂനിയര്‍ ടൂര്‍ണമെന്റില്‍ ഒരു കളി കളിച്ചത് ആരാധകര്‍ ശ്രദ്ധയോടെയാണ് ഉറ്റു നോക്കിയത്. രാഹുലിന്റെ മകന്‍ അന്‍വയും സെവാഗിന്റെ മകന്‍ ആര്യവീറും അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ആദ്യമായി ഏറ്റുമുട്ടി. എല്ലാ കണ്ണുകളും രണ്ട് ക്രിക്കറ്റ് താരങ്ങളിലായിരുന്നു. ഒരാള്‍ ഈ ശ്രദ്ധയുടെ സഭാകമ്പത്തെ അതിജീവിച്ച് അര്‍ദ്ധസെഞ്ച്വറി നേടിയപ്പോള്‍ മറ്റേതാരം സമ്മര്‍ദ്ദത്തില്‍ വീണ് വേഗം പുറത്തായി.

ഡല്‍ഹിക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ആര്യവീര്‍ 106 പന്തില്‍ 54 റണ്‍സ് നേടി. തന്റെ പിതാവിനെപ്പോലെ, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ബൗണ്ടറികള്‍ അടിച്ചു തകര്‍ത്തു. മധ്യനിരയില്‍ ഏറെ നേരം നിന്ന താരം എട്ടു ബൗണ്ടറികളും ഒരു സിക്‌സും അടിച്ചു. ആദ്യ വിക്കറ്റില്‍ അര്‍ണവ് ബുഗ്ഗയ്ക്കൊപ്പം നിര്‍ണായകമായ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയുടെ ക്യാപ്റ്റന്‍ അന്‍വയ്ക്ക് പക്ഷേ ആദ്യ ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കാനായില്ല. മധ്യനിര ബാറ്റ്‌സ്മാന്‍ നേരിട്ട രണ്ടാം പന്തില്‍ ആയുഷ് ലക്രയുടെ പന്തില്‍ പുറത്തായി. രണ്ടാം ഇന്നിംഗ്‌സിലും ആയുഷ് തന്നെ അന്‍വയെ പുറത്താക്കി. ഇപ്പോള്‍ 11 റണ്‍സേ നേടാന്‍ കഴിഞ്ഞുള്ളു. ആയുഷിന്റെ നാല് വിക്കറ്റിന്റെ ബലത്തില്‍ ഡല്‍ഹി കര്‍ണാടകയെ 144 റണ്‍സിന് പുറത്താക്കി.

ആര്യവീര്‍, കിരിത് കൗശിക് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയെ 304 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ബാറ്റിംഗ് സ്ഥിതിവിവരക്കണക്ക് പറയുകയാണെങ്കില്‍, ആര്യവീര്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സ് നേടിയിട്ടുണ്ട്. അന്‍വയ് 237 റണ്‍സുമായി പട്ടികയില്‍ 14-ാം സ്ഥാനത്താണ്. മൂന്ന് അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഉള്‍പ്പെടുന്നു.

ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് സമനിലയുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് സമനിലയുമായി കര്‍ണാടക നാലാം സ്ഥാനത്താണ്. 418 റണ്‍സുമായി രാജസ്ഥാന്റെ രജത് ഭഗേലാണ് എലൈറ്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാം ഇന്നിംഗ്സില്‍ 88 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട കര്‍ണാടക ഇപ്പോഴും 72 റണ്‍സിന് പിന്നില്‍. വലിയ ലീഡ് വഴങ്ങിയ കര്‍ണാടക കളിയില്‍ കടുത്ത നിലയിലാണ്.