ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിലെ രാഘവിന്റെ പ്രകടനത്തിനുശേഷം നർത്തകനും അവതാരകനും നടനുമായ രാഘവ് ജുയൽ ആണിപ്പോൾ ബോളിവുഡിലെ പുതിയ സംസാരവിഷയം. അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയിൽ സൽമാൻ ഖാനെക്കുറിച്ച് രാഘവ് പറഞ്ഞ രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രൺവീർ അലഹബാദിയ എന്ന ബിയർബൈസെപ്സിന്റെ ‘ദി രൺവീർ ഷോ’യിലാണ് സൽമാൻ ഖാനെക്കുറിച്ച് രാഘവ് ജുയൽ പറഞ്ഞത്. സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് സന്ദർശിച്ച ദിനങ്ങൾ ഓർത്തെടുത്തുക്കുകയായിരുന്നു യുവതാരം. ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് സൽമാൻ ഖാൻ തന്നെ കുതിരകൾ ഇണചേരുന്നത് കാണാൻ കൊണ്ടുപോയെന്ന് രാഘവ് വെളിപ്പെടുത്തി.
“അദ്ദേഹം എല്ലാം നൽകുന്ന ഒരാളാണ്. ഞങ്ങൾ അവിടെ അനുഭവിച്ച സന്തോഷം മറ്റൊരു തലത്തിലുള്ളതായിരുന്നു. ആളുകളെ പരിപാലിക്കാനും ആതിഥേയത്വം വഹിക്കാനും അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. ഭയങ്കര പാർട്ടിയായിരുന്നു… പിന്നീട് ഞാൻ കുതിരകൾ ഇണചേരുന്നതും കണ്ടു. ‘വാ, നമുക്ക് കുതിരകൾ ഇണചേരുന്നത് കാണാൻ പോകാം’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ പുലർച്ചെ 3 മണിയായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരിക്കലും അങ്ങനെയൊന്ന് കണ്ടിട്ടുണ്ടായിരുന്നില്ല.” രാഘവ് തുടർന്നു, “അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഭയങ്കര രസമാണ്. വെള്ളച്ചാട്ടങ്ങളിലൂടെയും അരുവികളിലൂടെയും ഓടിക്കാൻ കഴിയുന്ന ഡേർട്ട് ബൈക്കുകൾ അദ്ദേഹത്തിനുണ്ട്. അതൊരു ഫൈവ് സ്റ്റാർ അനുഭവത്തേക്കാൾ മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങൾ പ്രവചനാതീതമാണ്. രാത്രി മുഴുവൻ പാർട്ടികൾ നീണ്ടുനിൽക്കും… പുലർച്ചെ 4 മണിക്ക് എടിവികൾ പുറത്തിറങ്ങും. ലോകം ഒരു വഴിക്കും അദ്ദേഹത്തിന്റെ ലോകം വേറൊരു വഴിക്കുമാണ് പോകുന്നത്.” രാഘവ് കൂട്ടിച്ചേർത്തു.
2023-ൽ, ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിൽ സൽമാനൊപ്പം രാഘവ് വേഷമിട്ടിരുന്നു. ഷാരൂഖ് ഖാൻ നായകനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്’ എന്ന ചിത്രത്തിൽ രാഘവ് ഒരു പ്രധാന വേഷത്തിലുണ്ട്. ‘കിംഗ് ഖാന്റെ’ മകൾ സുഹാന ഖാനും ചിത്രത്തിലുണ്ട്.




