Sports

ക്വിന്റണ്‍ ഡീകോക്കിന് ഏകദിന ലോകകപ്പിലെ നാലാം സെഞ്ച്വറി; സങ്കക്കാരയ്ക്കും രോഹിതിനുമൊപ്പം

പൂനെ: ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന് ലോകകപ്പിലെ നാലാം സെഞ്ച്വറി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഡി കോക്ക് 2023 ഏകദിന ലോകകപ്പിലെ തന്റെ നാലാമത്തെ സെഞ്ച്വറി നേടി.ന്യൂസിലന്റിനെതിരേ 114 റണ്‍സാണ് ഡീകോക്ക് നേടിയത്.

മൂന്ന് സിക്‌സറും 10 ബൗണ്ടറികളുമാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. ഇതോടെ ശ്രീലങ്കയുടെ മൂന്‍ നായകന്‍ കുമാര്‍ സങ്കക്കാരയ്ക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ശേഷം ഒരു ലോകകപ്പില്‍ നാലു സെഞ്ച്വറികള്‍ നേടുന്ന താരമായിട്ടാണ് ഡീകോക്ക് മാറിയത്. ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റിന്റെ 2015 പതിപ്പില്‍ സംഗക്കാര ഈ നേട്ടം കൈവരിച്ചപ്പോള്‍ രോഹിത് ശര്‍മ്മ 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ പതിപ്പിലാണ് ഈ നേട്ടം കൈവരിച്ചത്.

ടൂര്‍ണമെന്റിന്റെ ഈ പതിപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്ന ഡി കോക്ക് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മികച്ച ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറിയോടെ തുടക്കം കുറിച്ച താരം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയുമാണ് ഡി കോക്കിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സെഞ്ച്വറികള്‍. കളിയില്‍ ദക്ഷിണാഫ്രിക്കയുടെ വാന്‍ഡര്‍ ഡുസനും സെഞ്ച്വറി നേടി 118 പന്തുകളില്‍ 133 റണ്‍സാണ് നേടിയത്. ഒമ്പത് ബൗണ്ടറിയും അഞ്ചു സിക്‌സറുകളും ഡൂസണ്‍ പറത്തി.