Crime

പുകവലിച്ചത്‌ ചോദ്യംചെയ്‌തു; യുവതികളുമായി സുരേഷ്‌ വഴക്കിട്ടത്‌ രണ്ടുവട്ടം: ശങ്കര്‍ പസ്വാന്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന്‌ യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ടുതവണ യുവതികളുമായി പ്രതി സുരേഷ്‌ കുമാര്‍ വഴക്കിട്ടിരുന്നതായി സാക്ഷിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ പസ്വാന്‍.

ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത്‌ നിന്ന്‌ സുരേഷ്‌ കുമാര്‍ സിഗരറ്റ്‌ വലിച്ചു. ഇവിടെ നിന്ന്‌ പുകവലിക്കാന്‍ പാടില്ലെന്ന്‌ യുവതികള്‍ പറഞ്ഞു. ഇതേച്ചൊല്ലി വഴക്കുണ്ടായി. 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ്‌ എത്തി സുരേഷ്‌ സിഗരറ്റ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്‌തു. യുവതികള്‍ പരാതിപ്പെട്ടതു കൊണ്ടാണ്‌ ഗാര്‍ഡ്‌ എത്തിയതെന്ന്‌ പ്രതി കരുതി. ഇതേ ചൊല്ലി വീണ്ടും തര്‍ക്കമായി. തുടര്‍ന്നാണ്‌ ശ്രീക്കുട്ടിയെ തള്ളിയിട്ടത്‌.

പിന്നീട്‌ അര്‍ച്ചനയ്‌ക്കുനേരേ പ്രതി തിരിഞ്ഞു. താന്‍ ചെല്ലുമ്പോള്‍ പ്രതിയുടെ കൈയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു അര്‍ച്ചന. പോലീസ്‌ തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ശങ്കര്‍ പറഞ്ഞു.

പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ സാഹസികമായി കീഴടക്കിയതും പരിക്കേറ്റ ശ്രീക്കുട്ടിയുടെ അര്‍ച്ചനയെ രക്ഷിച്ചതും ഇയാളാണ്.

നവംബർ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനിൽവെച്ച് സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഇയാൾ വാതിലിന് സമീപം നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.