Featured Lifestyle

വെറും 57,750 രൂപയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, ചാർജ് ചെയ്‌ത് സമയം കളയണ്ട!

ക്വാണ്ടം ബിസിനെസ് XS (Quantum Bziness XS) എന്നൊരു പുത്തന്‍ മോഡല്‍ കൂടി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇന്‍ഡോഫാസ്റ്റ് എനര്‍ജിയുടെ സ്വാപ്പിംഗ് നെറ്റ്വര്‍ക്കിന്റെ പിന്തുണയോടെ വിപണിയിലെത്തിയിരിക്കുന്ന ക്വാണ്ടം ബിസിനെസ് XS ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 57,750 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) മോഡലായതിനാലാണ് ഇവിക്ക് ഇത്രയും കുറഞ്ഞ വില നല്‍കാന്‍ കമ്പനിക്ക് സാധിച്ചിരിക്കുന്നത്.

ക്വാണ്ടം ബിസിനെസ് XS ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇന്‍ഡോഫാസ്റ്റ് എനര്‍ജി പ്രതിമാസം 999 രൂപ മുതല്‍ ആരംഭിക്കുന്ന ഫ്‌ലെക്‌സിബിള്‍ എനര്‍ജി പ്ലാനുകളും 1,499 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളുമാണ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോഴുണ്ടാവുന്ന ഉയര്‍ന്ന പ്രാരംഭ ചെലവ് കുറയ്ക്കാന്‍ ആളുകള്‍ക്ക് സാധിക്കും. ഇന്‍ഡോഫാസ്റ്റ് എനര്‍ജിയുടെ 1,100-ലധികം വരുന്ന ബാറ്ററി സ്വാപ്പ് സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വെറും രണ്ട് മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ സ്വാപ്പ് ചെയ്യാനുമാകും. അതുവഴി ചാര്‍ജിംഗ് സമയം ഫലപ്രദമായി ഒഴിവാക്കാനും റേഞ്ച് ഉത്കണ്ഠ പരിഹരിക്കാനും ഉപഭോക്താക്കള്‍ക്കാവും.

ഇന്ത്യന്‍ റോഡുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബിസിനെസ് XS , ഈട്, കാര്യക്ഷമത, പരിസ്ഥിതി സൗഹൃദം എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിന് പിന്നിലെ സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കുന്നത് ക്വാണ്ടം എനര്‍ജിയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡോഫാസ്റ്റ് നെറ്റ്വര്‍ക്കിലൂടെ 1,000 ബിസിനസ് SX സ്‌കൂട്ടറുകള്‍ വിന്യസിക്കും. തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 യൂണിറ്റുകള്‍ എന്ന ലക്ഷ്യത്തോടെയാണ് ക്വാണ്ടം എനര്‍ജിയുമായുള്ള പങ്കാളിത്തം മുമ്പോട്ട് പോവുക. ബാറ്ററി വാടകയ്ക്ക് കൊടുക്കുന്ന സംവിധാനം ഇല്ലാത്തതിനാല്‍ ക്വാണ്ടം എനര്‍ജി ബിസൈനസ് വേരിയന്റിന് 95,009 രൂപയാണ് വില വരിക. 1.5 W പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇവിക്ക് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍ക്കൊപ്പം കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്.