Lifestyle

വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ ഡോക്ടറുടെ മരണം; 1.14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍

വാഷിങ്ടണ്‍: വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ വയോധികന്‍ മരിച്ച സംഭവത്തില്‍ 128,821 ഡോളര്‍ (ഏകദേശം 1.14 കോടി രൂപ) നഷ്ടപരിഹാരമാവശ്യപ്പെട്ട് ഖത്തര്‍ എയ്ര്‍വേയ്സിനെതിരേ കേസ്. കലിഫോര്‍ണിയയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്ന ശ്രീലങ്കന്‍ പൗരന്‍ ഡോ. അശോക ജയവീര(85)യാണ് 2023 ജൂണ്‍ 30-ന് ലൊസാഞ്ചലസില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ മരിച്ചത്.

15 മണിക്കൂറിലേറെ നീളുന്ന യാത്രയില്‍ സസ്യാഹാരം വേണമെന്നു ഡോ. ജയവീര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെയൊരു ഓര്‍ഡര്‍ ലഭിച്ചില്ലെന്നും അതിനാല്‍, സാധാരണ വിളമ്പുന്ന സസ്യേതരഭക്ഷണത്തില്‍നിന്നു മാംസഭാഗം ഒഴിവാക്കി കഴിക്കാനും ഫ്ളൈറ്റ് അറ്റന്‍ഡന്റ് നിര്‍ദേശിച്ചു. അതുപ്രകാരം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷണഭാഗം തൊണ്ടയില്‍ കുടുങ്ങി ഡോ. ജയവീര മരിച്ചത്.

ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടി അദ്ദേഹം ബോധം നഷ്ടപ്പെട്ടുവെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. വിമാനം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ഡോ. ജയവീരയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ശ്വാസകോശ അണുബാധയായ ആസ്പിരേഷൻ ന്യുമോണിയ മൂലം 2023 ഓഗസ്റ്റ് 3 ന് അദ്ദേഹം അവിടെ വച്ച് മരിച്ചു.

ഭക്ഷണവിതരണത്തിലും ചികിത്സ ലഭ്യമാക്കുന്നതിലും അനാസ്ഥയാരോപിച്ച് ജയവീരയുടെ മകന്‍ സൂര്യ ജയവീരയാണ് ഖത്തര്‍ എയര്‍വേയ്സിനെതിരേ യു.എസ്. കോടതിയെ സമീപിച്ചത്.