Health

കുടിയന്‍മാര്‍ക്ക് അല്‍പ്പം സന്തോഷിക്കാം.. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനുള്ള പ്രോട്ടീന്‍ ജെല്‍ കണ്ടെത്തി

മദ്യപാനത്തിന് സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് ഇല്ല. അമിത മദ്യപാനം കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. ഇതിന് പുറമേ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കും വരെ വഴിവെക്കും. ഈ രോഗത്തിന് പിടിയിലായി മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോളിതാ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘുകരിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍.

രക്തപ്രാവാഹത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാനായി സഹായിക്കുന്നതാണ് ജെല്‍. ഇത് എലികളില്‍വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. എലികളില്‍ 30 മിനിറ്റനകം തന്നെ മദ്യത്തിന്റെ തോത് 40 ശതമാനം കുറയ്ക്കാനായി ഈ ജെല്ലിന് സാധിച്ചു. റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നത് 56 ശതമാനം വരെ രക്തത്തിലെ മദ്യത്തിന്റെ അളവ് 5 മണിക്കൂറില്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നാണ്. 10 ദിവസം മദ്യം നല്‍കിയ എലികളില്‍ മദ്യത്തിന്റെ തോത് കുറയ്ക്കാനും ഭാരനഷ്ടം , കരള്‍ നാശം പോലുള്ള പ്രതികൂലഫലങ്ങള്‍ കുറയ്ക്കാനും ഈ ജെല്ലിന് സാധിച്ചു.

മദ്യം കരളില്‍ വെച്ച് വിഘടിക്കുന്നതിന് പകരമായി ദഹനനാളിയില്‍ വച്ച് വിഘടിക്കാനും ഈ ജെല്‍ സഹായിക്കുന്നു. മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നതിന് നിരവധി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൂടി ജെല്‍ ഉപയോഗിച്ച് നടത്തേണ്ടതുണ്ട്.