Crime Featured

കൊലചെയ്തതിന്റെ ബാക്കി കാശ് തന്നില്ല ; വാടകക്കൊലയാളി പരാതിയുമായി പൊലീസിൽ

ചെയ്ത ജോലിക്ക് ശമ്പളം മുഴുവനും തീര്‍ത്തു തന്നില്ലെന്ന് പറഞ്ഞ് വാടകക്കൊലയാളി തൊഴിലുടമയ്ക്ക് എതിരേ പോലീസിനെ സമീപിച്ചതോടെ ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളിയാണ് പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ജോലി ചെയ്യിക്കുകയും പറഞ്ഞ തുക കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

മീററ്റിലെ ടിപി നഗര്‍ പോലീസ് സ്റ്റേഷനിലെ ഉമേഷ് വിഹാര്‍ കോളനിയില്‍ താമസിക്കുന്ന അഞ്ജലി എന്ന അഭിഭാഷകയെ 2023 ജൂണ്‍ 7 ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രണ്ട് പേര്‍ വെടിവച്ചു കൊന്നത്. വിവാഹമോചിതയായ യുവതിയുടെ വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന മുന്‍ ഭര്‍ത്താവിനെയും അയാളുടെ മരുമക്കളെയും പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്ന് കണ്ട് പിന്നീട് വിട്ടയച്ചു.

വിവാഹമോചനം കഴിഞ്ഞിട്ടും മുന്‍ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പേരില്‍ മുമ്പ് താമസിച്ചിരുന്ന പഴയ വീട്ടില്‍ തന്നെയായിരുന്നു അഞ്ജലി വിവാഹമോചന ശേഷവും താമസിച്ചിരുന്നത്. ഗുപ്തയുടെ മരുമക്കള്‍ ഈവീട് യശ്പാലിനും സുരേഷ് ഭാട്ടിയയ്ക്കും വിറ്റു, പക്ഷേ അഞ്ജലി വീട് ഒഴിയാന്‍ തയ്യാറായില്ല. ഇത് തര്‍ക്കത്തില്‍ കലാശിച്ചു. കൊലപാതകം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വസ്തു വാങ്ങിയവര്‍ ശര്‍മ്മയെയും മറ്റ് രണ്ട് പേരെയും അഞ്ജലിയെ കൊലപ്പെടുത്താന്‍ രണ്ട് ലക്ഷം രൂപയുടെ കരാറിന് വാടകയ്ക്ക് എടുത്തതായി ശര്‍മ്മ വെളിപ്പെടുത്തി.

യശ്പാല്‍, ഭാട്ടിയ, ശര്‍മ്മ, അഞ്ജലിയെ വെടിവെച്ച രണ്ട് കൊലയാളികള്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. ഇപ്പോള്‍, ഒരു വര്‍ഷത്തിന് ശേഷം, ജാമ്യത്തില്‍ പുറത്തിറങ്ങിയ ശര്‍മ്മ ഇരയുടെ മരുമക്കള്‍ക്കും ഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തി. അഞ്ജലിയെ കൊലപ്പെടുത്താന്‍ ഗുപ്തയുടെ മരുമക്കള്‍ 20 ലക്ഷം വാഗ്ദാനം ചെയ്യുകയും ഒരുലക്ഷം അഡ്വാന്‍സ് നല്‍കുകയും ചെയ്തു.

അറസ്റ്റിലായതിനാല്‍ ശര്‍മയ്ക്ക് 19 ലക്ഷം രൂപ വാങ്ങാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, ഇപ്പോള്‍ ജയിലിന് പുറത്തായതിനാല്‍, ബാക്കി തുകയ്ക്കായി കരാറുകാരെ സമീപിച്ചെങ്കിലും അവര്‍ അത് നിരസിച്ചതായി ശര്‍മ്മ പറഞ്ഞു. തുടര്‍ന്നായിരുന്നു ശര്‍മ്മ പോലീസില്‍ പോയത്. പ്രതിയായ പരാതിക്കാരന്റെ മൊഴിയനുസരിച്ച് പോലീസ് നടപടിയെടുക്കുകയും ഇരയുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. അഞ്ജലിയുടെ ഭര്‍ത്താവുമായുള്ള കോള്‍ റെക്കോര്‍ഡിംഗുകളും ഇയാള്‍ തെളിവായി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.