പ്രാദേശിക ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന പൃഥ്വിഷായുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് രഞ്ജി ട്രോഫി ടീമിനുള്ള മുംബൈ ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പുഞ്ചിരിക്കുന്ന ഇമോജിക്കൊപ്പം ‘നീഡ് എ ബ്രേക്ക് താങ്ക്‌സ്’ എന്നു കുറിച്ചു. ഇപ്പോള്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തെ ഒഴിവാക്കിയതിന് മുംബൈ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും കളത്തിനകത്തെ ഫോമില്ലായ്മയും പുറത്തെ പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) പരിശീലകര്‍ രണ്ടാഴ്ചത്തെ ഫിറ്റ്നസ് പ്രോഗ്രാമിന് വിധേയനാകാന്‍ ഷായെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. നെറ്റ് പ്രാക്ടീസ് എടുക്കാത്തതും അമിതഭാരവും പൃഥ്വിക്ക് വിനയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
രഞ്ജി ട്രോഫിയില്‍ വഡോദരയില്‍ ബറോഡയ്ക്കെതിരായ മുംബൈയുടെ 84 റണ്‍സിന്റെ തോല്‍വിയില്‍ രണ്ട് ഇന്നിംഗ്സുകളിലായി 7, 12 ആയിരുന്നു താരം സ്‌കോര്‍ ചെയ്തത്. മഹാരാഷ്ട്രയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ മുംബൈ ഒമ്പത് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ട് ഇന്നിംഗ്സുകളിലായി 1, 39 എന്നിങ്ങനെയാണ് 23-കാരന്‍ സ്‌കോര്‍ ചെയ്തത്. മുംബൈയുടെ രഞ്ജി ട്രോഫിയും ഇറാനി കപ്പും നേടിയ ടീമുകളുടെ ഭാഗമായിരുന്ന അദ്ദേഹം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും ഇംഗ്ലീഷ് കൗണ്ടിയില്‍ നോര്‍ത്താംപ്ടണ്‍ഷയറിലും കളിച്ചു. ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഇന്നിംഗ്‌സിൽ ടീമിനെ വിജയത്തിലേയ്ക്കെത്തിച്ച 76 റണ്‍സായിരുന്നു പൃഥ്വിയുടെ സമ്പാദ്യം.
കഴിവുകള്‍ ഉണ്ടായിരുന്നിട്ടും, ഫീല്‍ഡിന് പുറത്തുള്ള പ്രശ്‌നങ്ങളും പരിക്കുകളും കാരണം ഷായുടെ കരിയര്‍ വെല്ലുവിളികള്‍ നേരിടുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം രഞ്ജി, ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരന്‍ എന്ന ബഹുമതിയും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവുമാണ്. അതിനുശേഷം ഫോം മങ്ങി.
2018 ഒക്ടോബറിനുശേഷം അദ്ദേഹം ഒരു ടെസ്റ്റ് കളിച്ചിട്ടില്ല. കുറച്ച് കോള്‍-അപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ എത്തിയിട്ടില്ല. ഡെല്‍ഹി ക്യാപിറ്റല്‍സില്‍ ഷാ സ്ഥിരമായി കളിക്കുന്ന താരമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ ഫോം നഷ്ടപ്പെടല്‍ 2024 സീസണില്‍ നിരവധി മത്സരങ്ങളില്‍ ബെഞ്ചിലിരിക്കാന്‍ കാരണമായി. ഈ സീസണില്‍ താരത്തെ നിലനിര്‍ത്തിയേക്കാനും സാധ്യതയില്ല.