രഞ്ജി ട്രോഫിക്ക് മുന്നോടിയായി പൂനെയിൽ നടന്ന മുംബൈ- മഹാരാഷ്ട്ര പരിശീലന മത്സരത്തിനിടെ അസാധാരണ സംഭവങ്ങൾ. പുറത്തായതിന് ശേഷം, പൃഥ്വി ഷാ ദേഷ്യത്തോടെ തന്റെ മുൻ മുംബൈ സഹതാരം മുഷിർ ഖാന്റെ നേരെ കയ്യിൽ ബാറ്റുമായി ഓടി. ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
രഞ്ജി ട്രോഫി സീസണിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സെഞ്ചറി നേടി പുറത്തായപ്പോഴായിരുന്നു പൃഥ്വി ഷായ്ക്കെതിരെ മുംബൈ താരങ്ങളുടെ പരിഹാസം. മത്സരത്തിൽ 220 പന്തിൽ 181 റൺസടിച്ച താരത്തെ മുഷീർഖാനാണ് പുറത്താക്കിയത്. മൂന്നു സിക്സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. എട്ട് വർഷത്തെ മുംബൈ ആഭ്യന്തര ക്രിക്കറ്റിനുശേഷം അടുത്തിടെയാണ് പൃഥ്വി ഷാ മഹാരാഷ്ട്രയിലേക്ക് മാറിയത്.
പുറത്തായി മടങ്ങുന്നതിനിടെ പരിഹസിച്ച മുംബൈ താരങ്ങൾക്കു നേരെ പൃഥ്വി ഷാ ബാറ്റു വീശുകയായിരുന്നു. മുംബൈ യുവതാരം മുഷീർ ഖാൻ പൃഥ്വി ഷായെ സ്‍ലെഡ്ജ് ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നു റിപ്പോർട്ടുണ്ട്. മുംബൈ താരങ്ങളുമായി ഏറെ നേരം തർക്കിച്ച പൃഥ്വി ഷായെ അംപയര്‍ ഇടപെട്ടാണ് സമാധാനിപ്പിച്ചത്. മുംബൈ താരങ്ങൾക്കെതിരെ അംപയറോടു പരാതി പറഞ്ഞ ശേഷം പൃഥ്വി ഷാ ഗ്രൗണ്ട് വിട്ടു.
കഴിഞ്ഞ സീസൺ വരെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്നു പൃഥ്വി ഷാ. ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെ താരത്തിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു. കൂടുതൽ അവസരങ്ങൾ തേടിയാണ് 25 വയസ്സുകാരൻ മഹാരാഷ്ട്ര ടീമിനൊപ്പം ചേർന്നത്.




