ഗർഭിണിയായശേഷവും പലരും പഠിക്കാനും ജോലിക്കുമൊക്കെ പോകാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും ഗർഭിണികള്‍ക്ക് തൊഴിലുടമകള്‍ പ്രത്യേക പരിഗണനയും നൽകാറുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഗർഭിണികൾക്ക് വേണ്ട പരിരക്ഷ തൊഴിലിടങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ പോലും ഗർഭിണിയായ വിദ്യാർഥിനികൾ ഉണ്ടെങ്കിൽ അവർക്ക് പഠനത്തിന് തടസ്സം ഉണ്ടാക്കാതെ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്.
ഇപ്പോഴിതാ ജോലി സ്ഥലത്ത് വെച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മിലുസ്ക എന്ന യുവതി റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം നടന്നത്, 2022 മാർച്ചിലാണ് അവർ ജോലിക്ക് ചേർന്നത്. ഒക്ടോബറിൽ ഇവർ അമ്മയാക്കാൻ പോകുകയാണ് എന്ന് അറിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ, മിലുസ്കയ്ക്ക് രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഓക്കാനവും ഛർദിയും ക്ഷീണവും ഒക്കെ അനുഭവപ്പെടാൻ തുടങ്ങി.
അവൾ അഭിമുഖീകരിക്കുന്ന തീവ്രമായ ഓക്കാനം കാരണം മിഡ്‌വൈഫിന്റെ ഉപദേശപ്രകാരം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അവൾ തന്റെ ബോസിനോട് അഭ്യർത്ഥിച്ചു. രോഗവസ്ഥ വഷളായതിനെത്തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരും എന്ന സാഹചര്യം വന്നപ്പോൾ, അവൾ തന്റെ അവസ്ഥയെക്കുറിച്ച് ബോസ് കബീറിനെ അറിയിച്ചു. നവംബർ അവസാനം വരെ ജോലി ചെയ്യാൻ കബീർ അവളോട് ആവശ്യപ്പെട്ടുവെങ്കിലും അസുഖം കാരണം മിലുസ്കയ്ക്ക് അതിന് കഴിഞ്ഞില്ല.
വീണ്ടും കബീറിനോട് മിലൂസ്ക തന്റെ അവസ്ഥയെക്കുറിച്ച് ബോധിപ്പിച്ച് കത്തയച്ചു. തുടർന്ന് കബീർ അവൾക്ക് ഒരു സന്ദേശം അയച്ചു, അവളെ പുറത്താക്കുകയാണ് എന്നതായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. കമ്പനിയുടെ ജോലികള്‍ പലതു മുടങ്ങിക്കിടക്കുകയാണെന്നും, അത് തീർക്കാൻ പാടുപെടുകയാണെന്നും അതിനാൽ നിങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും നിയമിക്കാൻ ഞങ്ങൾ നിര്‍ബന്ധിതരാകുകയാണ് എന്നും കബീർ പറഞ്ഞു
എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ഔപചാരികമായ വിശദീകരണമോ വ്യക്തതയോ നൽകാന്‍ കമ്പനിക്ക് കഴിഞ്ഞില്ല എന്ന പരാതിയില്‍ മിലു കോടതിയെ സമീപിച്ചു. മിലു നിയമത്തിന്റെ വഴിയിൽ പോകുന്നു എന്നറിഞ്ഞപ്പോൾ കബീർ വിശദീകരണവുമായി എത്തി. താൻ ഒരിക്കലും മിലുസ്കയെ പിരിച്ചുവിടുന്നു എന്ന് പറഞ്ഞിട്ടില്ലെന്നും ഈ സന്ദേശം പിരിച്ചുവിടലല്ലെന്ന് കബീർ പിന്നീട് വാദിക്കാൻ ശ്രമിച്ചു, പക്ഷേ ട്രൈബ്യൂണൽ യുവതിക്ക് അനുകൂലമായി വിധിയെഴുതി. മാത്രമല്ല ഗർഭകാലത്തെ വിവേചനത്തിനും അന്യായമായ പിരിച്ചുവിടലിനും നഷ്ടപരിഹാരമായി 93,616.74 പൗണ്ട് നൽകാനും ട്രൈബ്യൂണൽ വിധിച്ചു.