സാമൂഹിക വിഷയങ്ങളില്‍ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് നടി ജ്യോതിക. സൂര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം മുംബൈയിലേക്ക് മാറിയ ജ്യോതിക ബോളിവുഡ് സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകാന്ത് സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തമിഴ്‌സിനിമയിലെ തിരക്ക് കുറയുന്ന നടീനടന്മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക വിഷയങ്ങളില്‍ താരം നല്‍കിയ മറുപടികള്‍ ശ്രദ്ധേയമാകുകയാണ്.
തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലായിരുന്ന നടി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് പേരുകേട്ട വ്യക്തിയായിട്ടും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വരാത്തത് എന്തുകൊണ്ടാണെന്ന് നടിയോട് ചോദിച്ചു.
”ഇത് ഒരു സ്വകാര്യ കാര്യം പോലെയാണ്. ജീവിതത്തിന് എല്ലാവര്‍ക്കും ഒരു സ്വകാര്യ വശമുണ്ട്. നാം അതിനെ ബഹുമാനിക്കുകയും ആ ഇടം നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. ഓരോ തവണയും വോട്ട് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ജോലികള്‍ക്കായി പുറത്തായിരിക്കാം. ചിലപ്പോള്‍ അസുഖം വരാം. നിങ്ങള്‍ എല്ലായ്‌പ്പോഴും നഗരത്തില്‍ ഉണ്ടാകില്ല. ചിലപ്പോള്‍ സ്വകാര്യമായി വോട്ട് ചെയ്യും. ഓണ്‍ലൈന്‍ വോട്ടിങ്ങുമുണ്ട്. എല്ലാ സമയത്തും എല്ലാം പരസ്യമാക്കപ്പെടുന്നില്ല.” നടി പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ ഈ മേഖലകളില്‍ കൂടുതല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി.
ഇതോടെ ജ്യോതികയ്ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തനിക്ക് ക്ഷണം നല്‍കിയിട്ടില്ലെന്ന് നടി പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തനിക്ക് ഇത്തരത്തില്‍ ക്ഷണം നല്‍കിയാല്‍ സ്വീകരിച്ച് ചേരുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു നടിയുടെ മറുപടി.
”അക്കാര്യത്തില്‍ എനിക്കിപ്പോള്‍ പദ്ധതികളൊന്നുമില്ല. എന്റെ രണ്ടു മക്കളും പഠിക്കുന്നു. അവര്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുകയാണ്. അതിനാല്‍, സാവധാനം, ഒരു സമയം ഒരു ചുവട് വെച്ചാണ് നീങ്ങുന്നത്. പക്ഷേ രാഷ്ട്രീയം ഇല്ല, അവസരമില്ല.” നടി പറഞ്ഞു.