തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസുകാരൻ ഏഴുമാസത്തിനു ശേഷം അറസ്റ്റിൽ. സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ ഐ.ആർ ക്യാമ്പിൽ ജോലിചെയ്യുന്ന സമയത്താണ് ഇൻസ്റ്റഗ്രാം വഴി എറണാകുളം സ്വദേശിയായ ഡോക്ടറുമായി വിജയ് പരിചയപ്പെട്ടത്. തുടർന്ന്, വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി യുവതിയെ തമ്പാനൂരിലെ ലോഡ്ജിലും മറ്റ് പലയിടങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന്, സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് യുവതിയിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കി.
എന്നാൽ, പിന്നീടാണ് വിജയ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നതത്രെ. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, വിജയ് അവധിയെടുത്ത് മുങ്ങി. ജാമ്യത്തിനായി ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. വിജയിയെ കോടതി റിമാൻഡ് ചെയ്തു.