Featured Lifestyle Spotlight

പാകിസ്താനെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂരം’; പേരിട്ടത് മോദി, കാരണം ഇതാണ്

ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സംയുക്ത സൈനിക ഓപ്പറേഷന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ഭാര്യമാരെ ആദരിക്കുന്നതിനാണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് സൂചന. ഏപ്രില്‍ 22 ന് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ പങ്കാളികളായിരുന്നു ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖമായി മാറിയത്.

ഹിന്ദു സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി സിന്ദൂരം തലയില്‍ തൊടുന്നു. 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണം നിരവധി കുടുംബങ്ങളെ തകര്‍ത്തു. ഇരകളെ വളഞ്ഞിട്ട് അവരുടെ മതം ചോദിച്ച് അവരുടെ ഭാര്യമാരുടെയും കുട്ടികളുടെയും മുന്നില്‍ വെച്ചായിരുന്നു ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. അതുകൊണ്ടായിരുന്നു അവരുടെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള ഓപ്പറേഷന് ‘സിന്ദൂരം’ എന്ന് പേരിട്ടിരിക്കുന്നത് ഉചിതമാണ്. ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ഒരു ചിത്രത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അക്ഷരത്തില്‍ എഴുതിയിരിക്കുന്നതിന്റെ നടുവില്‍ ഒരു കുങ്കുമം പാത്രം കൂടിയുണ്ട്. ‘നീതി ലഭിക്കുന്നു. ജയ് ഹിന്ദ്’ എന്നായിരുന്നു അടിക്കുറിപ്പ്.

ഇന്ത്യയില്‍ പല തവണ ആക്രമണം നടത്തിയ ലഷ്‌കര്‍ ഇ തയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ആയിരുന്നു സൈന്യത്തിന്റെ ആക്രമണം. വാര്‍ റൂമില്‍ നിന്ന് രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ സിന്ദൂര് മേല്‍നോട്ടം വഹിച്ചു. 1971ലെ യുദ്ധത്തിനു ശേഷം ആദ്യമായി പാക്കിസ്ഥാനെതിരെ നേരിട്ടുള്ള ആക്രമണത്തില്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് പ്രതിരോധ സേനകളെയും ഒരുമിച്ച് വിന്യസിപ്പിച്ച ആദ്യത്തെ ശ്രദ്ധേയമായ ഓപ്പറേഷനായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’.

‘ഓപ്പറേഷന്‍ സിന്ദൂരം’ എന്ന പേര് പ്രതികാര അഭ്യാസത്തിന് ഉചിതമായ പേരായി കണക്കാക്കപ്പെട്ടു. ജയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂരിലും ലഷ്‌കര്‍ ഇ തൊയ്ബയുടെ മുരിദ്കെ താവളത്തിലും ഉള്‍പ്പെടെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിലായിരുന്നു ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയത്. 26 സിവിലിയന്മാരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *