Travel

ചെനാബ് പാലം കാണാന്‍ മറക്കരുത് ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലം

ലോകത്തുടനീളമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്ത്യയിലെ കശ്മീര്‍. ഇനി കശ്മീരിലേക്ക് ഒരു യാത്ര തെരഞ്ഞെടുത്താല്‍ മറ്റൊരു വിസ്മയം കൂടി കാത്തിരിപ്പുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലമായ ചെനാബ് പാലം. ലോകാത്ഭുതങ്ങളില്‍ പെടുന്ന പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടിയതാണ് ഈ എഞ്ചിനീയറിംഗ് വിസ്മയം.

കഴിഞ്ഞ ദിവസം ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നു നല്‍കി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ കത്രയ്ക്കും ബനിഹാലിനും ഇടയില്‍ ഒരു നിര്‍ണായക കണ്ണിയായി മാറുന്ന പാലം 35,000 കോടി രൂപയുടെ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായ 14,000 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള പാലത്തിന് ചെനാബ് നദീതടത്തില്‍ നിന്ന് 1,178 അടിയാണ് ഉയരം. ഈ പാലത്തിലൂടെ ജമ്മുവില്‍ നിന്ന് കശ്മീര്‍ താഴ്വരയിലേക്ക് ട്രെയിനില്‍ ഗതാഗതം സാധ്യമാക്കും, ഇത് ഈ മേഖലയിലെ ടൂറിസം, വ്യവസായം, വികസനം എന്നിവയ്ക്ക് വഴി തുറക്കുമെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്. അടുത്ത 120 വര്‍ഷത്തേക്ക് പാലം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പ്രവര്‍ത്തനക്ഷമമായാല്‍, വന്ദേ ഭാരത് മെട്രോ ട്രെയിന്‍ ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ ഈ പാലത്തിന് മുകളിലൂടെ ഓടും. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ മിഷന്റെ കീഴില്‍ വരുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലങ്ങളുടെ പട്ടികയിലാണ് വരുന്നത്. ചൈനയിലെ ലിയുസാംഗ്ഷിയാംഗി ല്‍ സ്ഥിതി ചെയ്യുന്ന നാജി, ജിയാങ്ജീഹെ, ബെയ്പാന്‍ജിയാങ്, യാച്ചി പാലങ്ങളാണ് റെയില്‍വേ പാലങ്ങളില്‍ ഏറ്റവും ഉയരം കൂടിയവ. ചിനാബ് ഇവയെയെല്ലാം മറികടന്നിരിക്കുകയാണ്.

നാജിക്ക് 1,017 അടി ഉയരമുണ്ട്. വുജിയാങ് നദിക്ക് മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2016-ല്‍ ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. നജീഹെ റെയില്‍വേ പാലം ഗുയാങ് നഗരത്തെ ഷിജിന്‍, നയോങ്ങ് എന്നിവയുമായി ബന്ധിപ്പിക്കുന്നു. ജിയാങ്ജീഹെ റെയില്‍വേ പാലം ചൈനയിലെ വെംഗാനിലെ നദീതടത്തില്‍ നിന്ന് 978 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് സുനിയെ വെംഗാനുമായി ബന്ധിപ്പിക്കുന്നു. ഈ പാലത്തിന്റെ നിര്‍മ്മാണം ഇപ്പോഴും തുടരുകയാണ്, 2026 ല്‍ ഇത് പൂര്‍ത്തിയാകും.

ബെയ്പാന്‍ജിയാങ് ചൈനയിലെ ക്വിംഗ്ലോങ്ങിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിന്റെ ഉയരം 968 അടിയാണ്, അതിവേഗ ട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2001ലാണ് ഈ പാലത്തിലൂടെയുള്ള റെയില്‍ ഗതാഗതം ആരംഭിച്ചത്. യാച്ചി പാലം ചൈനയിലെ ഡാഗ്വന്‍ഷെനില്‍ സ്ഥിതി ചെയ്യുന്നു. ഇതിന് നദീതടത്തില്‍ നിന്ന് 892 അടി ഉയരമുണ്ട്. ഗുയാങ്ങില്‍ നിന്ന് ചെങ്ഡുവിലേക്കുള്ള ലൈനില്‍ അതിവേഗ ട്രെയിനുകള്‍ക്കായി ഇത് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 2019-ല്‍ ഇത് പ്രവര്‍ത്തനക്ഷമമായി.