ഒരു സിനിമയില്‍ സരസ്വതിയും മറ്റൊന്നില്‍ രാക്ഷസിയുമായി പരസ്പരം വൈരുദ്ധ്യമുള്ള സിനിമകള്‍ ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സംഗീത ഒദ്വാനി. കര്‍മ്മാധികാരി ശനിദേവ് എന്ന മിത്തോളജിക്കല്‍ ഷോയില്‍ സരസ്വതി ദേവിയുടെ വേഷം അവതരിപ്പിക്കുന്ന അവര്‍ വരാനിരിക്കുന്ന ശ്രീമദ് രാമായണത്തില്‍ അസുരയായ ശൂര്‍പ്പണഖയുടെ വേഷം ചെയ്യും.
രണ്ട് ഷോകളുടെ ഭാഗമാകുന്നതില്‍ ആവേശഭരിതയായ അവര്‍ പറയുന്നു, ‘ശ്രീമദ് രാമായണത്തില്‍ ശൂര്‍പ്പണഖ എന്ന രാക്ഷസിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. അവള്‍ ലങ്കരാജാവായ രാവണന്റെ സഹോദരിയും വിശ്രവ മുനിയുടെയും രാക്ഷസി കൈകേശിയുടെയും മകളുമാണ്. യഥാര്‍ത്ഥ ഇതിഹാസത്തില്‍ ശൂര്‍പ്പണഖയുടെ വേഷം ചെറുതാണെങ്കിലും പ്രാധാന്യമുള്ളതാണ്. അയോധ്യയിലെ രാമനെ കണ്ടുമുട്ടിയ ഒരാളെന്ന നിലയില്‍ മാത്രമേ അവളെക്കുറിച്ച് അറിയൂ. എന്നാല്‍ ഈ ഷോയോടെ ആളുകള്‍ക്ക് അവളെ അതിനപ്പുറം അറിയാനാകും. ആ വേഷം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.” നടി പറഞ്ഞു.
ശുഭ് മംഗള്‍ മേ ദംഗല്‍, ബിഗ് ബുള്‍, വിന്റേജ് ബോയ്‌സ് തുടങ്ങിയ വെബ് ഷോകളുടെ ഭാഗമായിരുന്നു സംഗീത. വൈവിദ്ധ്യമാര്‍ന്ന രണ്ട് വേഷങ്ങള്‍ ആസ്വദിക്കുകയാണ്. ഒരു ദേവിയും അസുര സ്ത്രീയും. ബാലന്‍സ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു. ‘ഒരു ദേവതയുടെയും അസുരന്റെയും വേഷം ചെയ്യാന്‍ ഒരാള്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമാണിത്. ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ ഈ വെല്ലുവിളി ആസ്വദിക്കുകയാണ്. ‘ അവര്‍ പറയുന്നു.




