Oddly News

ആറുമാസത്തിലൊരിക്കൽ രാജ്യം മാറുന്ന ദ്വീപ് ? ആദ്യം ഫ്രാന്‍സ് ഭരിക്കും, അടുത്ത 6 മാസം സ്‌പെയിനും

ലോകത്ത് ഓരോ രാജ്യവും അതിന്റെ പരമാധികാരത്തിനുള്ളിലാണ് നിലനില്‍ക്കുന്നത്. ഭാഷയും സംസ്‌ക്കാരവും ഭക്ഷണരീതിയുമെല്ലാം അതുകൊണ്ട് വേര്‍തിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യൂറോപ്പിലെ രണ്ടു പ്രമുഖരാജ്യങ്ങള്‍ അധികാരം പങ്കുവെയ്ക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഫെസന്റ് ദ്വീപ്. ഫ്രാന്‍സും സ്‌പെയിനും മാറിമാറി ഭരിക്കുന്ന സ്ഥലമാണ് ഇത്.

ബിദാസോവ നദിയിലെ ചെറിയ, ജനവാസമില്ലാത്ത ഈ ദ്വീപിന്റെ അധികാരം ഓരോ ആറ് മാസത്തിലും സ്‌പെയിനും ഫ്രാന്‍സും തമ്മില്‍ നിശബ്ദമായി കൈമാറുന്നു. പങ്കിട്ട അതിര്‍ത്തികളുമായി ബന്ധപ്പെട്ട 360 വര്‍ഷം പഴക്കമുള്ള രഹസ്യമാണ് ഇതിന് കാരണം. 1659 മുതല്‍, ദ്വീപ് രണ്ട് രാജ്യങ്ങളും മാറിമാറി ഭരിക്കുന്നു. ആറ് മാസത്തേക്ക് സ്‌പെയിന്‍ , തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക് ഫ്രാന്‍സ്. 350 വര്‍ഷത്തിലേറെയായി ഈ രീതി ദ്വീപില്‍ ഇരു കൂട്ടരും തുടരുകയാണ്. ഫെബ്രുവരി 1 മുതല്‍ ജൂലൈ 31 വരെ സ്പെയിനും ഓഗസ്റ്റ് 1 മുതല്‍ ജനുവരി 31 വരെ ഫ്രാന്‍സും അധികാരം പങ്കിടുന്നു.

ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ഒരു നീണ്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി 1659-ല്‍ ഒപ്പുവച്ച പൈറനീസ് ഉടമ്പടിയോടെയാണ് അസാധാരണമായ കരാര്‍ ആരംഭിച്ചത്. നേതാക്കള്‍ കൂടിക്കാഴ്ച നടത്താനും ചര്‍ച്ച നടത്താനും കരാറി ല്‍ ഒപ്പുവയ്ക്കാനും ഫെസന്റ് ദ്വീപ് നിഷ്പക്ഷമായ ഒരു സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഫ്രാന്‍സിലെ ലൂയി പതിനാലാമനും സ്പെയിനിലെ മരിയ തെരേ സയും തമ്മിലുള്ള വിവാഹം നടന്ന സ്ഥലമായതോടെ സമാധാനവും ഉറപ്പാക്കി.

ഇരുരാജ്യങ്ങള്‍ക്കും ദ്വീപ് സ്മാരകമായി മാറിയതോടെ രണ്ടു കൂട്ടരും ദ്വീപ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവര്‍ ലളിതവും എന്നാല്‍ അസാധാരണവുമായ ഒരു ഒത്തുതീര്‍പ്പില്‍ എത്തി. ഓരോ ആറുമാസത്തിലും മാറിമാറി പരമാധികാരം. മൂന്ന് നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, ആ കലണ്ടര്‍ കൈമാറ്റം ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ പിന്തുടരുന്നു.