Lifestyle

അടുക്കളയിലെ പ്രാണിശല്യം എളുപ്പത്തില്‍ ഇല്ലാതാക്കാം ; ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

വീട്ടമ്മമാര്‍ അടുക്കളയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രാണികളുടെ ശല്യം. ഈച്ചകളും പ്രാണികളുമൊക്കെ അടുക്കളയില്‍ പലപ്പോഴും വ്യാപിയ്ക്കുന്നത് വളരെ വലിയൊരു പ്രശ്നം തന്നെയാണ്. ചിലരുടെ വീട്ടിലെ പ്രധാന പ്രശ്നമാണ് പല്ലിയും പാറ്റയും. വീട് വൃത്തികേടാകുന്നതിനു പുറമേ ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത്തരം കീടങ്ങളുടെ ശല്യം അകറ്റാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം….

  • അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യാം – ഉപയോഗമില്ലാത്ത ധാരാളം വസ്തുക്കള്‍ എപ്പോഴെങ്കിലും ഉപയോഗം വന്നേക്കാം എന്ന കണക്കുകൂട്ടലില്‍ വീടിനുള്ളില്‍ സൂക്ഷിക്കുന്നവര്‍ ഏറെയാണ്. കബോര്‍ഡുകള്‍ക്കുള്ളിലും മറ്റും വേണ്ടത്ര ശ്രദ്ധയില്ലാതെ സൂക്ഷിക്കുന്ന ഇത്തരം വസ്തുക്കള്‍ കീടങ്ങളുടെ താവളമാവുകയാണ് പതിവ്. കാര്‍ഡ്ബോര്‍ഡ് ബോക്സുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവ അത്യാവശ്യ ഉപയോഗത്തിനുള്ളതല്ലെങ്കില്‍ വീടിനുള്ളില്‍ നിന്നും നീക്കം ചെയ്യുകയാണ് നല്ലത്.
  • അടുക്കളയുടെ വൃത്തി – നനഞ്ഞ പ്രദേശങ്ങളിലാണ് ഈച്ചകള്‍ കൂടുതലായി വന്നു പറ്റുന്നത്. എപ്പോഴും വെള്ളം ഉപയോഗിക്കുന്നതു കൊണ്ടും ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതു കൊണ്ടും അടുക്കളയില്‍ കീടങ്ങളുടെ ശല്യം അധികമായിരിക്കും. അതിനാല്‍ അടുക്കള എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കുക. കൗണ്ടര്‍ടോപ്പുകളിലും ഷെല്‍ഫുകളിലും സ്റ്റൗവിലും ഡ്രോയറുകളിലും നനവില്ല എന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തുക. അണുനാശിനി അടങ്ങിയ ക്ലീനര്‍ ഉപയോഗിച്ച് വേണം അടുക്കള തുടയ്ക്കുവാന്‍. രാത്രികാലങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ അടുക്കളയില്‍ തുറന്ന നിലയില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. അടുക്കള പോലെതന്നെ എപ്പോഴും ജലാംശമുള്ള ഇടമാണ് ബാത്ത്റൂമുകളും. അതിനാല്‍ ബാത്ത്റൂമുകളുടെ വൃത്തിയും പ്രധാനമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
  • ഭക്ഷണ മാലിന്യങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കരുത് – അടുക്കള മാലിന്യങ്ങള്‍ അന്നന്നു നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ചെറു കീടങ്ങള്‍ക്കൊപ്പം എലികള്‍ കൂടുതലായി അടുക്കളയില്‍ കയറിക്കൂടാന്‍ കാരണമാകും. ഇത് വരുത്തിവച്ചേക്കാവുന്ന രോഗ സാധ്യതകള്‍ ചെറുതല്ല. വളര്‍ത്തുമൃഗങ്ങളും കുട്ടികളും വീട്ടിലുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
  • ഭക്ഷണം അടച്ചു സൂക്ഷിക്കാം – തുറന്നുവച്ച ഭക്ഷണവും പഴങ്ങളുമൊക്കെയാണ് കീടങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നത്. അതിനാല്‍ പഴങ്ങള്‍ മുറിച്ച നിലയില്‍ അധികനേരം വയ്ക്കാതെ സൂക്ഷിക്കണം. അധികം പഴുത്ത പഴങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. പഴങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന ഫ്രൂട്ട് ഫ്ലൈസിനുപുറമേ ഉറുമ്പ്, പല്ലി, ഈച്ച എന്നിവ കൂടുതലായി എത്താന്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുറന്നുവയ്ക്കുന്നത് കാരണമാകും.
  • പരിസരശുചിത്വം – വീടിനു ചുറ്റുമുള്ള ഇടങ്ങളിലൊന്നും വെള്ളം കെട്ടികിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. അഴുക്കുചാലുകള്‍ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണെങ്കില്‍ അവിടെയാവും ഇത്തരം കീടങ്ങള്‍ പെറ്റുപെരുകുന്നത്. അതിനാല്‍ അകത്തളത്തിലെ വൃത്തിക്കൊപ്പം പുറംഭാഗത്തെ വൃത്തിയും പ്രധാനമാണ്. ബാത്റൂമുകളിലെ ബക്കറ്റുകള്‍ നനവില്ലാതെ ഉണക്കി മാത്രം സൂക്ഷിക്കുക. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നുംവരുന്ന വെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് വയ്ക്കാതെ പുറത്തേക്ക് പോകുവാന്‍ പൈപ്പ് ഘടിപ്പിക്കുക. പാത്രങ്ങളില്‍ ശേഖരിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളുവെങ്കില്‍ വെള്ളം ദിവസവും നീക്കം ചെയ്യുകയും പാത്രം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
  • പുറമെ ഉപയോഗിക്കുന്ന വസ്തുക്കള്‍ പുറത്തു തന്നെ സൂക്ഷിക്കാം – പുറംപണികള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ വീടിനുള്ളിലേയ്ക്ക് കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. അവയിലൂടെ കീടങ്ങളും അകത്തേക്ക് വന്നേക്കാം. കുട്ടികള്‍ക്കുള്ള ഔട്ട്ഡോര്‍ ടോയ് കാറുകള്‍ അടക്കമുള്ളവയുടെ കാര്യത്തില്‍ ഇത് ബാധകമാണ്. അഥവാ വീടിനുള്ളില്‍ ഇവ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ വൃത്തിയാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.