Myth and Reality

പ്രപഞ്ചത്തില്‍ ജീവനുള്ള ഏകഗ്രഹം ഭൂമി മാത്രമല്ല? ചൊവ്വയില്‍ ജീവനുണ്ട്‌!

ചൊവ്വയില്‍ ജീവനുണ്ട്‌, ഇനി വേണ്ടത്‌ അവസാന പരിശോധനകള്‍ക്കുശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇന്നലെ വിളിച്ചുകൂട്ടിയ പ്രത്യേക മാധ്യമ സമ്മേളനത്തിലാണു നാസയുടെ പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ ഷോണ്‍ ഡഫി ചൊവ്വയില്‍ സൂക്ഷ്‌മജീവികളുടെ രൂപത്തില്‍ ജീവനുണ്ടെന്നതിനു വ്യക്‌തമായ സൂചന ലഭിച്ചെന്ന്‌ ലോകത്തെ അറിയിച്ചത്‌. ഇതോടെ പ്രപഞ്ചത്തില്‍ ജീവനുള്ള ഏകഗ്രഹം ഭൂമിയാണ്‌ എന്ന വിശ്വാസം ചോദ്യം ചെയ്യപ്പെടും.

നാസയുടെ പെര്‍സെവറന്‍സ്‌ റോവര്‍ ശേഖരിച്ച സാമ്പിള്‍ ഇതുവരെ കണ്ടെത്തിയ ജീവന്റെ ഏറ്റവും വ്യക്‌തമായ സൂചനയാണെന്നു ഷോണ്‍ ഡഫി വ്യക്‌തമാക്കി. ചൊവ്വയിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സൂചനയാണു ലഭിച്ചത്‌. ‘ജൈവ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങളാണു ശ്രദ്ധയില്‍പ്പെട്ടത്‌. ചൊവ്വയിലെ പാറകളിലെ അസാധാരണമായ പാടുകളും വിത്തുപോലെയുള്ള ആകൃതികളും ശ്രദ്ധിച്ചിട്ടുണ്ട്‌. അത്‌ സൂക്ഷ്‌മ ജീവികളുടെ നിലനില്‍പ്പിനെ സൂചിപ്പിക്കാം. ഇപ്പോഴോ ഭൂതകാലത്തോ…- നാസയുടെ അസോസിയേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ നിക്കി ഫോക്‌സ്‌ പറഞ്ഞു.

ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തിലെ ചെളി പോലെയുള്ള പാറകളിലാണ്‌ ‘പോപ്പി വിത്തുകള്‍’ എന്നു വിളിക്കുന്ന സവിശേഷതകള്‍ ഗവേഷകര്‍ കണ്ടെത്തിയത്‌. കോടിക്കണക്കിനു വര്‍ഷം മുമ്പ്‌ അവിടെ നദികളുണ്ടായിരുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു. 2021 ലാണു പെര്‍സെവറന്‍സ്‌ റോവര്‍ ചൊവ്വയിലിറങ്ങിയത്‌. അതിനുശേഷം ചൊവ്വയിലെ മണ്ണ്‌ പരിശോധിച്ചുവരികയാണ്‌.

റോവറിലെ ഉപകരണങ്ങള്‍ ജെസെറോ ഗര്‍ത്തത്തിലെ പ്രത്യേക വസ്‌തുക്കളില്‍ ഇരുമ്പ്‌, ഫോസ്‌ഫറസ്‌ എന്നിവ പോലുള്ള രാസവസ്‌തുക്കള്‍ കണ്ടെത്തി. സൂക്ഷ്‌മ ജീവികള്‍ ജൈവ വസ്‌തുക്കളെ അഴുകിക്കുമ്പോള്‍ ഇത്തരത്തിലുള്ള രൂപീകരണം ഭൂമിയില്‍ കാണപ്പെടുന്നു. ഇതു ജീവന്റെ ലക്ഷണമാണെന്നു നാസ വ്യക്‌തമാക്കി. ഉപരിതലത്തില്‍ ഒഴുകിയ വെള്ളത്തിന്റെ സൂചനകളും ശാസ്‌ത്രജ്‌ഞര്‍ക്കു ലഭിച്ചിട്ടുണ്ട്‌. ചൊവ്വയുടെ പ്രതലത്തിന്‌ അടിയില്‍ വെള്ളമുണ്ടെന്നാണു നിഗമനം.

ചൊവ്വയുടെ ഉപരിതലത്തിലെ സ്‌ഫടികരൂപത്തിലുള്ള ഖരവസ്‌തുക്കള്‍ പൊടി നിറഞ്ഞ ഭൂപ്രദേശത്തിലൂടെ ഒഴുകിയിരുന്ന ജലം അവശേഷിപ്പിച്ച കാഠിന്യമുള്ള നിക്ഷേപങ്ങളാണ്‌. ചൊവ്വയിലെ 30 വര്‍ഷത്തെ ഗവേഷണത്തിന്റെ അന്തിമഫലമാണു പ്രഖ്യാപനമെന്ന്‌ ഡഫി പറഞ്ഞു.
ജൈവ സാമ്പിളുകള്‍ ഭൂമിയില്‍ എത്തിച്ച്‌ അന്തിമ പരിശോധന നടത്തണം. ഇതിനായുള്ള ദൗത്യങ്ങള്‍ നാസ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.